
കോഴിക്കോട്: പി.വി. അന്‍വര്‍ എംഎല്‍എയുടെ ഉടമസ്ഥതയിലുള്ള ചീങ്കണ്ണിപ്പാറയിലെ അനധികൃത തടയണയിലെ ജലം തുറന്നുവിടുന്നു. സാങ്കേതിക വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ തടയണയിലെ വെള്ളം തുറന്നുവിടണമെന്ന ഹൈക്കോടതി നിര്‍ദേശം കാറ്റില്‍പ്പറത്തി, ജില്ലാ കലക്ടറെയും അറിയിക്കാതെയാണ് നടപടി.
നിയമം ലംഘിച്ച് വനത്തിനുള്ളില്‍ തടയണ നിര്‍മ്മിച്ച കേസില്‍ തടയണ പൊളിച്ചു കളയുന്നതില്‍ എതിര്‍പ്പില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതേതുടര്‍ന്ന് ജില്ലാ കലക്ടര്‍ സാങ്കേതിക സമിതി രൂപീകരിച്ച് അതിന്റെ മേല്‍നോട്ടത്തില്‍ വെള്ളം തുറന്നുവിടണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ജില്ലാ കലക്ടറുടെ അറിയിപ്പ് വരാതെയാണ് പി.വി. അന്‍വര്‍ എംഎല്‍എ ഇത്തരത്തിലൊരു നടപടിയിലേക്കു നീങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. സാങ്കേതിക സമിതി ഇതുവരെ രൂപീകരിച്ചിട്ടില്ലെന്നും മലപ്പുറം ജില്ലാ കലക്ടര്‍ അമിത് മീണ പറയുന്നു.






