
സത്യന് അന്തിക്കാട് 16 വര്‍ഷങ്ങള്‍ക്കുശേഷം ശ്രീനിവാസന്റെ തിരക്കഥയില്‍ ഒരു സിനിമ ഒരുക്കുന്നു. ഫഹദ് ഫാസില്‍ നായകനാകുന്ന ‘ഞാന്‍ പ്രകാശന്’ ചിത്രീകരണം തുടങ്ങി. മലയാളത്തിലെ എക്കാലത്തെയും മികച്ച ഈ കൂട്ടുകെട്ടില്നിന്നുളള സിനിമയ്ക്കവേണ്ടി കാത്തിരിക്കുന്നു മലയാളി പ്രേക്ഷകര്‍. ജയറാം നായകനായി അഭിനയിച്ച ‘യാത്രക്കാരുടെ ശ്രദ്ധക്ക്’ എന്ന ചിത്രത്തിന് വേണ്ടിയാണു സത്യൻ- ശ്രീനി കൂട്ടുകെട്ട് അവസാനമായി ഒന്നിച്ചത്. ഇന്ത്യന്‍ പ്രണയകഥയ്ക്ക് ശേഷം ഫഹദ് ഫാസിലിനെ നായകനാക്കി സത്യന്റെ രണ്ടാമത്തെ ചിത്രവും.
പതിവിനു വിപരീതമായി പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ച ദിവസം തന്നെ പേര് പ്രഖ്യാപിച്ചിരിക്കുകയാണ് സത്യന്. പ്രകാശന് എന്ന തന്റെ പേര് പി.ആര്.ആകാശ് എന്ന് മാറ്റാന്‍ ഗസറ്റില്‍ പരസ്യം കൊടുത്തയാളാണ് ഫഹദിന്റെ കഥാപാത്രം. ചിത്രത്തിന്റെ പേര് ‘ഞാന്‍ പ്രകാശന്’ എന്നാണെന്ന് സത്യന് അന്തിക്കാട് തന്റെ ഫേയ്സ് ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
പോസ്റ്റിന്റെ പൂര്‍ണരൂപം:
പ്രകാശനും സലോമിയും ഗോപാൽജിയുമൊക്കെ ഇത്രയും ദിവസം മനസ്സിലും കടലാസ്സിലും മാത്രമായിരുന്നു. ഇന്നു മുതൽ അവർക്ക് ജീവൻ വെച്ചു തുടങ്ങുകയാണ്.
എസ് കുമാറിന്റെ ക്യാമറയ്ക്ക് മുന്നിൽ പ്രകാശനായി ഫഹദ് ഫാസിലും സലോമിയായി നിഖില വിമലും ഗോപാൽജിയായി ശ്രീനിവാസനും വന്നു.
പ്രകാശനാണ് ഈ കഥയുടെ ജീവൻ. നമുക്ക് ചുറ്റും നമ്മൾ എന്നും കാണുന്ന ഒരു ടിപ്പിക്കൽ മലയാളി യുവാവ്.
ഗസറ്റിൽ പരസ്യം ചെയ്ത് പ്രകാശൻ തന്റെ പേര് 'പി.ആർ.ആകാശ് ' എന്ന് പരിഷ്കരിച്ചിരുന്നു. ഞങ്ങൾ പക്ഷേ ഗസറ്റിനെയൊന്നും ആശ്രയിക്കുന്നില്ല.
സിനിമയ്ക്ക് "ഞാൻ പ്രകാശൻ" എന്ന് പേരിടുന്നു.
ഫുൾ മൂൺ സിനിമയുടെ ബാനറിൽ സേതു മണ്ണാർക്കാട് നിർമ്മിക്കുന്ന ഈ ചിത്രത്തിലെ രംഗങ്ങൾ ഇനി ക്യാമറയിൽ പതിഞ്ഞു തുടങ്ങുകയാണ്. പതിനാറ് വർഷങ്ങൾക്ക് ശേഷം ശ്രീനിവാസന്റെ തിരക്കഥയിൽ ഒരു സിനിമയൊരുക്കാൻ കഴിയുന്നു എന്നതാണ് എന്റെ ഏറ്റവും വലിയ സന്തോഷം. ഒപ്പം ഫഹദ് ഫാസിൽ എന്ന അനുഗ്രഹീത നടന്റെ സാന്നിദ്ധ്യവും.
"ഞാൻ പ്രകാശൻ" ഒരു നല്ല അനുഭവമായി മാറ്റാൻ ആത്മാർഥമായി ശ്രമിക്കും എന്നു മാത്രം വാക്ക് തരുന്നു.






