
ഭീതിയോടെയാണ് മുംബൈ നഗരം ഇപ്പോള്‍ ഉറക്കമുണരുന്നത്. അന്തരീക്ഷമെങ്ങും വിഷപ്പുകയുടെ കരിമ്പടം മൂടുന്ന ആ ദുരന്തം എപ്പോള്‍ വേണമെങ്കിലും അവര്‍ക്ക് മുന്നിലേക്ക് പെയ്തിറങ്ങാം. പട്ടാപ്പകല്‍ പോലും നഗരം ശ്വസംമുട്ടിക്കുന്ന ഇരുട്ടിലേക്ക് വഴുതിവീഴും. അതെ, ഏറ്റവും മലിനീകരിക്കപ്പെട്ട മഹാനഗങ്ങളില് ലോകത്ത് ഒന്നാം സ്ഥാനത്താണ് മുംബൈ.
വിഷപ്പുക പ്രാണവായുവില്‍
ആഗോളതലത്തില്‍ ഏറ്റവുമധികം വായുമലിനീകരണം നടക്കുന്ന 15 നഗരങ്ങളില്‍ പതിനാലും ഇന്ത്യയിലാണ്. അടുത്തിടെ ലോകാരോഗ്യസംഘടന പുറത്തുവിട്ട കണക്കുകളിലാണ് ഈ വെളിപ്പെടുത്തല്‍. ലോകത്തിലെ ഏറ്റവും മലിനീകരിക്കപ്പെട്ട മഹാനഗരം ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയാണ്.
ലോകജനതയില്‍ പത്തില്‍ ഒന്‍പതു പേരും മലിനവായുവാണ് ശ്വസിക്കുന്നതെന്നു ലോകാരോഗ്യ സംഘടനയുടെ പഠനത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഭൂമി അതിവേഗം മനുഷ്യര്‍ക്ക് അധിവാസ യോഗ്യമല്ലാതായി മാറിക്കൊണ്ടിരിക്കുകയാണ് എന്ന ധാരണ ഒരു വിഭാഗം ശാസ്ത്രജ്ഞന്മാര്ക്കിടയില് പ്രബലമായിക്കൊണ്ടിരിക്കുകയാണ്. വരും തലമുറയ്ക്ക് വാസം സാധ്യമല്ലാത്ത വിധം അപകടമായി മാറിക്കൊണ്ടിരിക്കുന്ന പരിസ്ഥിതി പ്രശ്നങ്ങളില്‍ ഏറ്റവും ഗുരുതരമാണ് വായുമലിനീകരണം.
ഡല്‍ഹിയും ബെയ്ജിങും മാത്രമല്ല ലോകത്തിലെ പ്രധാനപ്പെട്ട നഗരങ്ങള്‍ എല്ലാം തന്നെ രൂക്ഷമായ വായുമലിനീകരണം കൊണ്ട് ശ്വാസം മുട്ടുകയാണ്. ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം താരങ്ങള്‍ മുഖാവരണം അണിഞ്ഞതുകൊണ്ടും സ്കൂളുകള്‍ അടച്ചിട്ടതുകൊണ്ടും ദേശിയ ശ്രദ്ധ നേടിയ ന്യൂഡല്‍ഹി മാത്രമല്ല, വിവിധ കാരണങ്ങള്‍ കൊണ്ട് ഗ്രാമപ്രദേശങ്ങള്‍ പോലും വീര്‍പ്പുമുട്ടുന്നുണ്ട്.
വര്‍ധിക്കുന്ന വായുമലിനീകരണം
അന്തരീക്ഷത്തില്‍ പുകയും വിഷവാതകങ്ങളും മറ്റു രാസപദാര്‍ഥങ്ങളും കലരുന്നതുമൂലം ഉണ്ടാകുന്ന മലിനീകരണമാണ് വായുമലിനീകരണം. മനുഷ്യന്റെയും ഭൂമിയിലെ മറ്റു ജീവജാലങ്ങളുടെയും നിലനില്‍പ്പിനു തന്നെയിത് ഭീഷണിയായിക്കൊണ്ടിരിക്കുന്നത്.
പ്രകൃതിയില്‍ മനുഷ്യരുടെ ഇടപെടല്‍ മൂലവും മറ്റു പ്രകൃതിദത്തമായ കാരണങ്ങളാലും വായുമലിനീകരണം വര്‍ധിക്കുന്നു. 2014 ലെ ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരം 2012 ല്‍ ഏഴു ദശലക്ഷം ആളുകളുടെ മരണത്തിനു കാരണമായി അന്തരീക്ഷമലിനീകരണം വര്‍ധിച്ചിട്ടുള്ളതായി പറയുന്നു.
വായു മലിനീകാരികള്‍
മനുഷ്യനോ ആവാസവ്യവസ്ഥയ്ക്ക് തന്നെയോ ഹാനികരമായ വായുവിലെ പദാര്‍ത്ഥങ്ങളാണ് വായു മലിനീകാരികള്‍. ഇവ പ്രകൃതിദത്തമോ മനുഷ്യനിര്‍മിതമോ ആകാം. മലിനീകാരികളെ പ്രധാനമായും പ്രാഥമിക മലിനീകാരികള്‍ ദ്വീതിയ മലിനീകാരികള്‍ എന്നും രണ്ടായി തരംതിരിച്ചിരിക്കുന്നു.
പ്രാഥമിക മലിനീകാരികള്‍ നേരിട്ട് അന്തരീക്ഷത്തില്‍ എത്തിച്ചേരുന്നു. ഉദാഹരണത്തിനു വാഹനങ്ങളില്‍ നിന്നും പുറത്തുവരുന്ന കാര്‍ബണ്‍മോണോക്സൈഡ് വാതകം. എന്നാല്‍ ദ്വിതീയ മലിനീകാരികള്‍, പ്രാഥമിക മലിനീകാരികളുടെ പരസ്പര സമ്പര്‍ക്കം മൂലം വായുവില്‍ രൂപം കൊള്ളുന്നവയാണ്. ഭൗമോപരിതലത്തിന് സമീപം കാണപ്പെടുന്ന ഗ്രൗണ്ട് ലെവല്‍ ഓസോണ്‍ ഇതിനു ഉദാഹരണമാണ്.
അന്തരീക്ഷമലിന്യങ്ങളെ വാതകങ്ങള്‍ (കാര്‍ബണ്‍മോണോക്സൈഡ്) കണികകള്‍ (പുക, കീടനാശിനികള്‍), അജൈവവസ്തുക്കള്‍ (ഹൈഡ്രജന്‍, ഫ്ളൂറൈഡ്), ജൈവ പദാര്‍ത്ഥങ്ങള്‍ ( മെര്‍കാപ്റ്റനുകള്‍), ഓക്സീകാരികള്‍ (ഓസോണ്‍), നിരോക്സികാരികള് (സള്‍ഫറിന്റെയും നൈട്രജന്റെയും ഓക്സൈഡുകള്‍), റേഡിയോ ആക്ടീവ് പദാര്‍ത്ഥങ്ങള്‍, നിഷ്ക്രിയ പദാര്‍ത്ഥങ്ങള്‍ (പരാഗരേണുക്കള്‍, ചാരം), താപീയമാലിന്യങ്ങള് (ആണവനിലയങ്ങള്‍ ബഹിര്‍ഗമിക്കുന്ന താപം) എന്നിങ്ങനെ തരംതിരിച്ചിട്ടുണ്ട്.
വായുഗുണനിലവാര സൂചിക
ഓരോ പ്രദേശത്തെയും വായു എത്രമാത്രം മലിനമാക്കപ്പെട്ടിരിക്കുന്നുവെന്ന് ജനങ്ങളെ അറിയിക്കാന്‍ അതാതു സര്‍ക്കാര്‍ ഏജന്‍സികള്‍ ഉപയോഗിക്കുന്ന സംഖ്യയാണിത്. വായു ഗുണനിലവാര സൂചിക അഥവാ എയര്‍ ക്വാളിറ്റി ഇന്‍ഡക്സ്. ഇവയുടെ തോത് കൂടുന്തോറും വായു മലിനീകരണം കൂടിവരും.
ഇന്ത്യയില്‍ 2014 സെപ്റ്റംബറില്‍ ന്യൂഡല്‍ഹിയില്‍ സ്വച്ഛ ഭാരത് അഭിയാന്റെ ഭാഗമായിട്ടാണ്് നാഷണല്‍ എയര്‍ ക്വാളിറ്റി ഇന്‍ഡക്സ് തുടക്കം കുറിച്ചത്. ഇന്ന് ഇന്ത്യയില്‍ 240 സിറ്റികളിലായി 342 മോണിറ്ററിങ് സ്റ്റേഷനുകളുണ്ട്.
ആരോഗ്യപ്രശ്നങ്ങള്‍
ശ്വാസകോശരോഗങ്ങള്‍: അലര്‍ജി, അസ്ത്മ, സി.ഒ.പി.ഡി, ശ്വാസകോശ അണുബാധ, ശ്വാസകോശ അര്‍ബുദം എന്നിവയാണ് സാധാരണയായി വായുമലിനീകരണം മൂലം സംഭവിക്കുന്ന രോഗങ്ങള്‍. വായുമലിനീകരണം നേസല്‍ അലര്‍ജിക്കുള്ള പ്രേരകമായി വര്‍ത്തിക്കുന്നു. തുടര്‍ച്ചയായുള്ള തുമ്മല്‍, മൂക്കൊലിപ്പ്, മൂക്കടപ്പ്, മൂക്ക് കടി, തലവേദന, കണ്ണ് ചൊറിച്ചില്‍ കണ്ണിനു ചുവപ്പ്, കണ്ണില്‍ നിന്നും വെള്ളം വരിക തുടങ്ങിയവ ലക്ഷണങ്ങളാകാം.
അസ്ത്മ രോഗം വരാനുള്ള പ്രേരകമായും നിലവിലുള്ള അസുഖം വഷളാക്കാനും, അസ്ത്മ രോഗ ചികിത്സയുടെ ഫലം കുറയാനും, ആസ്ത്മ രോഗം മൂര്ച്ഛിച്ചിക്കാനുള്ള സാഹചര്യവും വായുമലിനീകരണം മൂലമുണ്ടാകുന്ന അപകട സാധ്യതകളില്പ്പെടുന്നു.
പുകവലിക്കാരില്‍ ഉണ്ടാകുന്ന ഒരു ശ്വാസകോശരോഗമാണ് സി.ഒ.പി.ഡി. വായുമലിനീകരണം ഇവരില്‍ കഫക്കെട്ടും ചുമയും വര്‍ധിപ്പിച്ച് ശ്വാസകോശ അണുബാധയ്ക്ക് ഇടയാക്കും. അതുമൂലം രോഗം വര്‍ധിക്കാനും സാധ്യതയുണ്ട്.
വായുമലിനീകരണം മൂലമുണ്ടാകുന്ന മറ്റൊരു പ്രധാന പ്രശ്നമാണ് ശ്വാസകോശ അണുബാധകള്‍. ശ്വാസനാളിയുടെ മുകള്‍ഭാഗത്തെ ബാധിക്കുന്ന അണുബാധകളും ശ്വാസനാളിയുടെ താഴത്തെ ഭാഗത്തെ ബാധിക്കുന്ന അക്യൂട്ട് ബ്രോങ്കൈറ്റിസ്, ന്യുമോണിയ, എന്നിവയും ഉണ്ടാകും.
പ്രതിരോധമാര്‍ഗങ്ങള്‍
വീട്ടിനകത്തുള്ള വായുമലിനീകരണം തടയാം: -
1. വായുമലിനീകരണം ഉണ്ടാക്കുന്ന സ്രോതസുകള്‍ കണ്ടെത്തി അവ ഒഴിവാക്കുക. വീടിനുള്ളില്‍ പൊടിയടിക്കാതെ ഇടയ്ക്കിടെ വൃത്തിയാക്കുക. പുകയും കരിയും ഉണ്ടാക്കുന്ന വിറകടുപ്പ് ഒഴിവാക്കുക.
2. കാലാവസ്ഥ അനുകൂലമായ ദിവസങ്ങളില്‍ വീട്ടിലെ വാതിലുകളും ജനലുകളും കുറഞ്ഞത് 15 മിനിറ്റ് എങ്കിലും തുറന്നിട്ട് വായു സഞ്ചാരം സുഗമമാക്കുക.
3. വീടിനുള്ളിലെ പൊടിപടലങ്ങള്‍ പരമാവധി തുടച്ചും, വാക്വം ക്ലീനര്‍ ഉപയോഗിച്ചും കുറയ്ക്കുക.
4. വീടിനുള്ളിലെ ഈര്‍പ്പം പരമാവധി കുറയ്ക്കാന്‍ വേണ്ട സംവിധാനങ്ങള്‍ ചെയ്യുക.
5. എയര്‍ പ്യൂരിഫയറുകള്‍, വായുശുദ്ധീകരിക്കാന്‍ ശേഷിയുള്ള ഇന്‍ഡോര്‍ ചെടികള്‍ വീടിനുള്ളില്‍ സജ്ജീകരിക്കുക.
വീടിനുപുറത്തുള്ള വായുമലിനീകരണം കുറയ്ക്കാം: -
1. വാഹനങ്ങളില്‍ നിന്നും വരുന്ന പുക മൂലമുണ്ടാകുന്ന വായുമലിനീകരണം ഒഴിവാക്കല്‍, ഡീസല്‍ കാറുകളുടെ ഉപയോഗം കുറയ്ക്കുകയും എല്‍പിജി ഇന്ധനമായി ഉപയോഗിക്കുന്ന കാറുകള്‍ ഉപയോഗിക്കുകയും ചെയ്യുക.
2. ഇലക്ട്രിക് കാറുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക. നടത്തം, സൈക്കിള്‍ യാത്ര, പൊതുഗതാഗത സൗകര്യങ്ങള്‍, കാര്‍പൂള്‍ സിസ്റ്റം എന്നിവ ഉപയോഗപ്പെടുത്തുക. കാറിന്റെ അറ്റകുറ്റപ്പണികള്‍ കൃത്യമായി പരിഹരിച്ചതിനു ശേഷം കാര്‍ ഉപയോഗിക്കുക. വാഹനങ്ങളുടെ പുക പരിശോധന കൃത്യമായി നിര്‍വഹിക്കുക. പുകയില്‍ നിന്നുള്ള വായുമലിനീകരണം ഒഴിവാക്കാന്‍ കരിയിലയും ചപ്പുചവറുകളും പ്ലാസ്റ്റികുകളും മറ്റും കൂട്ടിയിട്ട് കത്തിക്കുന്നത് നിയന്ത്രിക്കുക. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യം ഒഴിവാക്കുക.
3. കാര്യമായ വായുമലിനീകരണമുള്ള ദിവസങ്ങളില്‍ വീടിനു പുറത്തുള്ള ഓട്ടമോ, വ്യായാമമോ പോലുള്ള കായികാധ്വാനം ഒഴിവാക്കുക. നിവൃത്തിയില്ലാത്ത സാഹചര്യങ്ങളില്‍ ഗുണമേ
ന്മയുള്ള മാസ്കുകള്‍ ഉപയോഗിക്കുക.
ഡോ. അഭിലാഷ് കോട്ടയില്‍