
ന്യൂഡല്‍ഹി: ഡല്‍ഹി നഗര ഹൃദയത്തിലെ സമരക്കാരുടെ ഇഷ്ടകേന്ദ്രമായ ജന്തര്‍ മന്ദറും ഇന്ത്യാഗേറ്റിനു സമീപമുള്ള ബോട്ട് ക്ലബും വീണ്ടും സജീവമാകും. ഇവിടുങ്ങളിലെ സമരങ്ങള്‍ നിരോധിച്ച ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. സമരം പൂര്‍ണ്ണമായും നിരോധിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ശബ്ദമലിനീകരണം ഉയര്‍ത്തിക്കാട്ടിയാണ് ട്രൈബ്യൂണല്‍ വിലക്ക് കൊണ്ടുവന്നത്.
കഴിഞ്ഞ വര്‍ഷം മുതലാണ് ഇവിടങ്ങളിലെ സമരം ഹരിത ട്രൈബ്യൂണല്‍ നിരോധിച്ചത്. നിരോധനം നീക്കുന്ന സാഹചര്യത്തില്‍ സമരക്കാര്‍ക്കായി ചട്ടങ്ങള്‍ക്ക് കൊണ്ടുവണനമെന്ന് ഡല്‍ഹി പോലീസ് കോടതിയില്‍ ആവശ്യപ്പെട്ടു. സമരക്കാരുടെ താല്പര്യവും പരിഗണിക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി, ഇവിടങ്ങളിലെ സമരം പൂര്‍ണ്ണമായി നിരോധിക്കാന്‍ കഴിയില്ലെന്നും വ്യക്തമാക്കി.
കോടതി വിധിയെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് സ്വാഗതം ചെയ്തു. ഡല്‍ഹിയെ പോലീസ് നിയന്ത്രണത്തിലാക്കാനുള്ള നീക്കം ജനാധിപത്യത്തിന് പഅകടടമാണെന്ന് കെജ്രിവാള് പറഞ്ഞു. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ജനകീയ സമരങ്ങളിലൂടെ ശ്രദ്ധകേന്ദ്രമാണ് ജന്തര്‍ മന്ദര്‍. ടെന്റുകെട്ടി ഇവിടെ സമരം കിടക്കുന്നതും ഉച്ചഭാഷിണികളിലൂടെ മുദ്രാവാക്യങ്ങള്‍ മുഴക്കുന്നതും പതിവായതോടെയാണ് ഗ്രീന്‍ ട്രൈബ്യുണല്‍ ഇടപെട്ടത്.






