
ഇസ്ളാമാബാദ്: ഇന്ത്യയെ ഞെട്ടിച്ച മുംബൈ ഭീകരാക്രമണത്തില്‍ അമേരിക്ക ഉള്‍പ്പെടെയുള്ളവര്‍ തലയ്ക്ക് വിലയിട്ടിരിക്കുന്നതും ഇന്ത്യ ഏറെ വെറുക്കുന്നവനുമായ ഹഫീസ് സയീദിന്റെ പാര്‍ട്ടി പാക് തെരഞ്ഞെടുപ്പില്‍ പൊട്ടിയത് എട്ടു നിലയില്‍. സയീദിന്റെ അല്ലാ ഒ അക്ബര്‍ തെഹ്രീക് നിര്‍ത്തിയ ഒരു സ്ഥാനാര്‍ത്ഥിക്ക് പോലും ജയിക്കാന്‍ കഴിഞ്ഞില്ല. 26/11 മുംബൈ ആക്രമണത്തിന്റെ ബുദ്ധികേന്ദ്രമായ ഹഫീസ് സയീദ് ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനലുകളുടെ പട്ടികയിലുള്ള ആളാണ്.
നൂറിലധികം സീറ്റുകളിലാണ് ഹഫീസ് സയീദ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയത്. ഇന്ത്യാ വിരുദ്ധവും കശ്മീര്‍ വിഷയവും ഒക്കെ ഉയര്‍ത്തി കൊണ്ടുപിടിച്ച പ്രചരണവും നടത്തിയെങ്കിലും അക്ബര്‍ തെഹ്രീക്കിന്റെ സ്ഥാനാര്‍ത്ഥികള്‍ക്ക് രണ്ടാം സ്ഥാനത്ത് പോലും എത്താനായില്ല. കൂട്ടത്തില്‍ നടന്ന പ്രവിശ്യാ തെരഞ്ഞെടുപ്പില്‍ നിര്‍ത്തിയ സ്ഥാനാര്‍ത്ഥികളും ഏറ്റുവാങ്ങിയത് വന്‍ തോല്‍വി തന്നെയായിരുന്നു. നിരോധിത പട്ടികയില്‍ നിന്നും അടുത്തിടെ മാത്രം മാറ്റിയ മൗലാനാ മുഹമ്മദ് അഹ്മദ് ലുധ്യാന്‍വി യെ പോലെയുള്ള കുറച്ച് പേര്‍ക്ക് മാത്രമാണ് ന്യായമായ വോട്ടെങ്കിലും കിട്ടിയത്.
ലുധ്യാന്വിയ്ക്ക് കിട്ടിയത് 45,000 വോട്ടുകള്‍ മാത്രമായിരുന്നു. ഇതാകട്ടെ വിജയിച്ച ആള്‍ക്ക് കിട്ടിയതിന്റെ ഏഴയല്പക്കത്തെങ്ങും എത്തുകയുമില്ല. സയീദുമായി കൂട്ടുകൂടിയതാകാം ഇസ്ളാമിസ്റ്റ് ഗ്രൂപ്പായ മിലി മുസ്ളീം ലീഗിനും ഗുണമുണ്ടായില്ല. ലാഹോറില്‍ നിന്നും 200 കിലോമീറ്റര്‍ അകലെയുള്ള സര്‍ഗോധയിലെ എന്‍എ - 91 സീറ്റില്‍ മത്സരിച്ച സയീദിന്റെ മകന് ഹഫീസ് തല്‍ഹാ സയീദും പിപി-167 ല്‍ മത്സരിച്ച മരുമകള്‍ ഖാലിദ് വാലീദും തോല്‍വി അറിഞ്ഞു. സുന്നി വിഭാഗത്തിന്റെ തെഹ്രീക് ഇ ലബായിക് പാകിസ്താന് നിര്‍ത്തിയ 100 സ്ഥാനാര്‍ത്ഥികളും തോല്‍വിയുടെ രുചിയറിഞ്ഞു.
അനേകം പാര്‍ട്ടികളുമായി ബന്ധമുള്ള ഏറ്റവും വലിയ മത കക്ഷിയായ മുതാഹിതാ മജ്ലിസ് ഇ അമലിന് എട്ടു സീറ്റ് കിട്ടി. മൗലാനാ ഫസലൂര് റഹ്മാന് ഉള്‍പ്പെടെ വന്‍ സ്വാധീനമുള്ള നേതാക്കള്‍ നേരിട്ടിറങ്ങി പ്രചരണം നയിച്ചിട്ടും രക്ഷയുണ്ടായില്ല. വന്‍ വിജയം നേടിയ ഇമ്രാന്ഖാന് തന്നെ രാജ്യം ഭരിക്കുന്ന നിലയിലേക്ക് നീങ്ങുകയാണ്. ഔദ്യോഗിക ഫലപ്രഖ്യാപനം വന്നിട്ടില്ല. അതേസമയം തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നെന്ന് ആരോപണം ഉന്നയിച്ച് അനേകം പാര്‍ട്ടികള്‍ രംഗത്ത് വന്നതോടെ പാക് രാഷ്ട്രീയം കലങ്ങി മറിയുകയാണ്.






