
റാഞ്ചി: ഡല്‍ഹിയില്‍ ഒരു കുടുംബത്തിലെ എല്ലാവരും ആത്മഹത്യ ചെയ്ത സംഭവത്തിന്റെ ഞെട്ടല്‍ മാറുന്നതിന് മുമ്പ് സമാനരീതിയില്‍ റാഞ്ചിയിലും കൂട്ടമരണം. ഒരു അപ്പാര്‍ട്ട്മെന്റിലെ ഏഴു പേരെ കൂട്ട ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഒരു പ്രമുഖ സ്വകാര്യകമ്പനിയില്‍ ജോലി ചെയ്തിരുന്ന ദീപക് കുമാര്‍ ഝാ എന്നയാളും മാതാപിതാക്കളും ഭാര്യയും രണ്ടു മക്കളും സഹോദരനുമാണ് മരണമടഞ്ഞത്.
വാടകവീട്ടിലെ സീലീംഗ്ഫാനില് തൂങ്ങിയ നിലയില്‍ സഹോദരങ്ങളൂടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. 40 കാരനായ ദീപക് ഝാ സ്വന്തമായി ബിസിനസ് തുടങ്ങാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും വന്‍ കടത്തിലായി പോകുകയായിരുന്നു. ഇയാളുടെ 30 വയസ്സുള്ള സഹോദരനാകട്ടെ തൊഴില്രഹിതനുമായിരുന്നു. മറ്റുള്ളവരുടെ മൃതദേഹം കിടന്നിരുന്നത് കിടക്കയിലായിരുന്നു. ഝായുടെ മകനും മകളും മരണമടഞ്ഞവരില്‍ ഉണ്ട്. അതേസമയം ആത്മഹത്യാകുറിപ്പ് പോലെ മരണത്തിന് എന്തെങ്കിലും കാരണം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ആത്മഹത്യ തന്നെയാണെന്നാണ് പ്രാഥമിക നിഗമനം.
പതിവായി ദീപക് ഝായുടെ മകളെ കൊണ്ടുപോകാന്‍ സ്കൂള്‍ വാന്‍ വീടിന് മുന്നില്‍ എത്തിയപ്പോള്‍ ഒരു വിദ്യാര്‍ത്ഥിനി ഇറങ്ങി നോക്കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. വീടിന്റെ വാതിലില്‍ എത്തി പല തവണ ഹോണടിച്ചിട്ടും ആരും ഇറങ്ങിവരാതിരുന്നതിനെ തുടര്‍ന്ന് ഒരു വിദ്യാര്‍ത്ഥിനി വാനില്‍ നിന്നും ഇറങ്ങി വീടിന്റെ വാതിലില്‍ മുട്ടിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇതോടെ ഝാര്‍ഖണ്ഡില്‍ പത്തു ദിവസത്തിനിടെ സാക്ഷം വഹിക്കുന്ന രണ്ടാമത്തെ കൂട്ടമരണം ആണ് ഇത്് കഴിഞ്ഞയാഴ്ചയാണ് ഹസരീബാഗില്‍ കടം കയറിയ ഒരു കുടുംബത്തിലെ ആറ് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇത് കൊലപാതകമായിരുന്നോ ആത്മഹത്യ ആയിരുന്നോ എന്ന് പോലീസിന് ഇപ്പോഴും വ്യക്തമല്ല.
ജൂലൈ 1 നായിരുന്നു ഡല്‍ഹിയിലെ ബുരാരിയില്‍ രണ്ടു സ്കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ ഒരു ധനിക കുടുംബത്തിലെ 11 അംഗങ്ങളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു ഇവരെല്ലാം മരിച്ചത്. വീട്ടില്‍ നിന്നും കണ്ടെത്തിയ ഡയറിയില്‍ നിന്നുമായിരുന്നു മരണകാരണങ്ങള്‍ പോലീസ് കൂട്ടിയെടുത്തത്. അന്ധവിശ്വാസത്തെ തുടര്‍ന്നുള്ള മരണങ്ങളായിരുന്നെന്നായിരുന്നു പോലീസിന്റെ കണ്ടെത്തല്‍. മാനശ്ശാസ്ത്ര പോസ്റ്റുമാര്‍ട്ടം ഇനി നടത്തുമെന്ന് പോലീസ് പറഞ്ഞു.






