
ന്യൂഡല്‍ഹി : ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ വിദ്യാസമ്പന്നരായ യുവതിയും യുവാവും പിടിയില്‍. വ്യാജ വെബ്സൈറ്റുകളും ഇ-മെയിലുകളും തയാറാക്കി ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയ ചേതന്‍ സോണി (27), നൈന സിംഗാള്‍ (27) എന്നിവരാണു പിടിയിലായത്. ഇരുവരും നൂറുകണക്കിനു പേരെ ജോലി വാഗ്ദാനം ചെയ്തു കബളിപ്പിച്ചതായി പൊലീസ് പറഞ്ഞു. രണ്ട് എംബിഎ ബിരുദങ്ങള്‍ സ്വന്തമായുള്ളയാളാണു ചേതന്‍. ബിടെക് ബിരുദധാരിയാണ് നൈന. ഒരു ജോബ് പോര്‍ട്ടല്‍ നല്കിയ പരാതിയിന്മേലാണു ഡല്‍ഹി സൗത്ത് ഈസ്റ്റ് പൊലീസിന്റെ നടപടി.
സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തില്‍ ഗാസിയാബാദിലെ ഇന്ദിരപുരം കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവര്‍ത്തനമെന്നു കണ്ടെത്തി. ജോബ് പോര്‍ട്ടലുകളുടെയും വന്‍കിട കമ്പനികളുടെയും വ്യാജ വെബ്സൈറ്റുകള്‍ തയാറാക്കിയായിരുന്നു ഇരുവരുടെയും തട്ടിപ്പ്. സൈബര്‍ സെല്‍ അന്വേഷണം തുടരുന്നതിനിടെ ഗാസിയാബാദിലെ വസുന്ധരയില്‍ ജൂലൈ 30നു റെയ്ഡ് നടത്തിയപ്പോഴാണു ചേതനെയും നൈനയെയും പിടികൂടിയത്. തുടക്കത്തില്‍ ഇരുവരും ആരോപണങ്ങള്‍ നിഷേധിച്ചെങ്കിലും ഫോട്ടോ കാണിച്ചതോടെ സോണി തെറ്റ് സമ്മതിച്ചു. അക്കൗണ്ട് തുറക്കാനുളള രേഖകള്‍ വ്യാജമായി ചമച്ചതാണെന്നും കണ്ടെത്തി.
പോര്‍ട്ടലിന്റെ പേരുപയോഗിച്ച് ഉദ്യോഗാര്‍ഥികളില്‍ നിന്നും ചിലര്‍ പണം തട്ടിയെന്നായിരുന്നു പരതി. തട്ടിപ്പിനിരയായതിന്റെ പേരില്‍ നഷ്ടപരിഹാരമായി ഉദ്യോഗാര്‍ഥികള്‍ക്കു യഥാര്‍ഥ കമ്പനി പണം നല്‍കേണ്ടി വന്നതിനു പിന്നാലെയാണു കല്‍ക്കാജി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. പിന്നീട് സൗത്ത് ഈസ്റ്റ് ജില്ലാ സൈബര്‍ സെല്‍ കേസ് ഏറ്റെടുക്കുകയായിരുന്നു. പണമിടപാടു നടന്ന ബാങ്ക് അക്കൗണ്ട് പരിശോധിച്ചെങ്കിലും വ്യാജ വിലാസത്തിലാണെന്നു തിരിച്ചറിഞ്ഞു. മനീഷ് കുമാര്‍ എന്നയാളുടെ പേരിലായിരുന്നു അക്കൗണ്ട്. എന്നാല്‍ അക്കൗണ്ട് തുറക്കാനായി നല്കിയ അപേക്ഷാഫോമില്‍ ചേതന്റെ യഥാര്‍ഥ ചിത്രമായിരുന്നു നല്‍കിയിരുന്നത്. ജോബ് പോര്ട്ടലിന്റേതെന്നു വിശ്വസിപ്പിച്ച ഇ-മെയിലിലേക്ക് 4650 രൂപ അയയ്ക്കാനായിരുന്നു പ്രതികള്‍ ആവശ്യപ്പെട്ടത്. വിശ്വാസം ജനിപ്പിക്കാനായി പോര്‍ട്ടലിന്റെ വെബ് അഡ്രസുമായി സാമ്യമുള്ള മറ്റൊരു ഡൊമെയ്ന്‍ അഡ്രസും നല്കി. പണം നഷ്ടമായെന്നറിഞ്ഞ ഉദ്യോഗാര്‍ഥികള്‍ പരാതിയുമായെത്തിയപ്പോഴാണു സംഭവം തിരിച്ചറിയുന്നത്.
2016-ല്‍ ഗ്രേറ്റര്‍ നോയിഡയില്‍ ഒരു കണ്‍സല്‍ട്ടന്റ് കമ്പനിയില്‍ ജോലി ചെയ്യുമ്പോഴായിരുന്നു ഇരുവരും പരിചയപ്പെട്ടത്. ആറു മാസത്തെ ജോലിക്ക് ശേഷം ഇരുവരും ഒന്നിച്ച് സ്വന്തമായ കമ്പനി ആരംഭിച്ചു. യുഎസിലെ വന്‍കിട കമ്പനിയുടെ പേരിനോട് സാമ്യമുള്ള പേരായിരുന്നു ക്മ്പനിക്ക് നല്‍കിയത്. ജോബ് പോര്‍ട്ടലിന്റെ ഔദ്യോഗിക റിപ്പോര്‍ട്ടര്‍ എന്നായിരുന്നു പരസ്യപ്പെടുത്തിയിരുന്നത്. പോര്‍ട്ടലില്‍ നിന്നും വിവരം ശേഖരിച്ച് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇമെയില്‍ അയച്ചും ഫോണ്‍വഴി ബന്ധപ്പെട്ടുമായിരുന്നു തട്ടിപ്പ്. ഡൊമെയ്നിലും വെബ്സൈറ്റിലും ജോബ് പോര്‍ട്ടലിന്റെ പേരു കൂടി ചേര്‍ത്തു വ്യാജവിലാസം തയാറാക്കിയിരുന്നതിനാല്‍ തട്ടിപ്പ് ആര്‍ക്കും പെട്ടെന്നു മനസ്സിലായില്ല. ഈടായും രജിസ്ട്രേഷന്റെ പേരിലും മറ്റു ചെലവുകള്ക്കെന്നും പറഞ്ഞായിരുന്നു പലരില്‍ നിന്നായി 4650 മുതല്‍ 5450 രൂപ വരെ ഈടാക്കിയിരുന്നത്.






