
കൊല്ലം: സോളാര്‍ കേസില്‍ കെ.ബി ഗണേഷ്കുമാറിനെതിരെ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മൊഴി. സരിത എസ്.നായരുടെ കത്തിലെ പേജുകളുടെ എണ്ണം കൂടിയതിനു പിന്നില്‍ ഗണേഷ്കുമാര് ആണ്. പേജുകളുടെ എണ്ണം 21ല്‍ നിന്നും 25 ആയാണ് കൂടിയത്. ഗണേഷിനെ മന്ത്രിയാക്കാത്തതിലുള്ള വൈരാഗ്യമാണ് ഇതിനു പിന്നിലെന്നും ഉമ്മന്‍ ചാണ്ടി കൊട്ടാരക്കര കോടതിയില്‍ മൊഴിനല്‍കി. സോളാര്‍ അഴിമതി ആരോപണത്തില്‍ ഗൂഢാലോചന നടന്നുവെന്നും ഉമ്മന്‍ ചാണ്ടി മൊഴിയില്‍ പറയുന്നു.
അട്ടക്കുളങ്ങര ജയിലില്‍ സരിത കഴിയവേ അഭിഭാഷകന് ഫെനി ബാലകൃഷ്ണന് വഴിയാണ് സരിത കത്ത് കൊടുത്തയച്ചത്. ഈ കത്ത് സോളാര്‍ കമ്മീഷന് മുമ്പാകെ സമര്‍പ്പിച്ചപ്പോഴാണ് നാലു പേജ് എഴുതിച്ചേര്‍ത്തതെന്നും തന്നോടുള്ള വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ വ്യാജമായി എഴുതിച്ചേര്‍ത്തതെന്നും അവസാനമായി എഴുതി ചേര്‍ത്ത നാലു പേജിലാണ് തനിക്കെതിരെയും മറ്റ് യു.ഡി.എഫ് നേതാക്കള്‍ക്കെതിരെയും ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും തങ്ങളെ വ്യക്തിഹത്യ ചെയ്യുകയാണ് ലക്ഷ്യമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
എന്നാല്‍ ഉമ്മന്‍ ചാണ്ടിയുടെ ആരോപണം സരിത പൂര്‍ണ്ണമായും ഒരു ചാനലിന് നല്കിയ അഭിമുഖത്തില്‍ നിഷേധിച്ചു. കത്ത് എഴുതിയത് താന്‍ തന്നെയാണ്. കത്തിലേത് തന്റെ കയ്യക്ഷരമാണ്. കത്തില്‍ പറയുന്ന കാര്യങ്ങള്‍ എല്ലാം ശരിയാണ്. ആ കത്തിനെ ഉമ്മന്‍ ചാണ്ടി ഭയക്കുന്നുവെന്നും അതുകൊണ്ടാണ് കത്ത് പുറത്തുവിടരുതെന്ന് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടത്. ആരോപണം തെളിയിക്കാനുള്ള തെളിവുകള്‍ എന്തെങ്കിലുമുണ്ടെങ്കില്‍ ഉമ്മന്‍ ചാണ്ടി അത് പുറത്തുവിടട്ടെയെന്നും സരിത വെല്ലുവളിച്ചു. അട്ടക്കുളങ്ങര ജയിലില്‍ പോലീസുകാരുടെ സാന്നിധ്യത്തിലാണ് താന്‍ കത്ത് എഴുതിയതെന്നും സരിത പറഞ്ഞു.