
ന്യൂഡല്‍ഹി: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ബി.ജെ.പി ആശയത്തോട് വിയോജിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഒ.പി റാവത്ത്. ഒരുമിച്ച് തിരഞ്ഞെടുപ്പ് നടത്തുന്നതിന്റെ നിയമവശങ്ങളെക്കുറിച്ച് വേണ്ടത്ര കൂടിയാലോചന ഇല്ലാതെ ഇക്കാര്യത്തില്‍ തിടുക്കത്തില്‍ തീരുമാനം എടുക്കാനാകില്ലെന്ന് റാവത്ത് വ്യക്തമാക്കി. മുഴുവന്‍ തിരഞ്ഞെടുപ്പുകളും ഒരുമിച്ച് നടത്തണമെന്ന ആവശ്യം വീണ്ടും ശക്തമാക്കി ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ ഇന്നലെ കേന്ദ്ര നിയമ കമ്മീഷന് കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ നിലപാട് വ്യക്തമാക്കിയത്.
ഒരുമിച്ച് തിരഞ്ഞെടുപ്പ് നടത്തണമെങ്കില്‍ തെരഞ്ഞെടുപ്പ് സമയത്ത് കാലാവധി അവസാനിക്കാത്ത നിയമസഭകളുടെ കാലാവധി വെട്ടിച്ചുരുക്കേണ്ടി വരും. കാലാവധി അവസാനിച്ച നിയമസഭകളുടെ കാലാവധി തെരഞ്ഞെടുപ്പ് വരെ നീട്ടിക്കൊടുക്കുകയും
ചെയ്യണം. നിയമസഭകളുടെ കാലാവധി വെട്ടിക്കുറയ്ക്കുകയോ നീട്ടിക്കൊടുക്കുകയോ ചെയ്യണമെങ്കില്‍ ഭരണഘടനാ ഭേദഗതി ഉള്‍പ്പെടെയുള്ള നടപടികള്‍ ആവശ്യമാണ്. അതുകൊണ്ടു തന്നെ സമീപകാലത്തൊന്നും എല്ലാ തിരഞ്ഞെടുപ്പുകളും ഒരുമിച്ച് നടക്കില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കി.
ഭരണഘടനാ ഭേദഗതിക്ക് പുറമെ, വിവിപാറ്റ് സംവിധാനങ്ങളും തിരഞ്ഞെടുപ്പിന് സുരക്ഷയൊരുക്കുന്നതിന് പോലീസ് ഉദ്യോഗസ്ഥരെ ലഭ്യമാക്കുന്നത് അടക്കമുള്ള കാര്യങ്ങളും വെല്ലുവിളിയാണെന്ന് റാവത്ത് പറഞ്ഞു. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആവശ്യമുന്നയിച്ച് അമിത് ഷാ നിയമ കമ്മീഷന് കത്തയച്ച സാഹചര്യത്തില്‍ പ്രതികരണം ആരാഞ്ഞ മാധ്യമപ്രവര്‍ത്തകരോടാണ് റാവത്തിന്റെ പ്രതികരണം. ഇക്കാര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് 2015ല്‍ തന്നെ വ്യക്തമാക്കിയതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2019ല്‍ നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ആവശ്യമായ വോട്ടിംഗ് മെഷീനുകളും വിവിപാറ്റ് സംവിധാനവും ലഭ്യമാക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് തിരഞ്ഞെടുപ്പ് കമ്മീഷനെന്ന് റാവത്ത് വ്യക്തമാക്കി. 13.95 ലക്ഷം ബാലറ്റ് യൂണിറ്റുകളും 9.3 ലക്ഷം കണ്ട്രോള് യൂണിറ്റുകളും സെപ്റ്റംബര്‍ 30ഓടെ എത്തിക്കും. നവംബറിന് മുന്‍പ് 16.15 ലക്ഷം യൂണിറ്റ് വിവിപാറ്റും എത്തിക്കും. ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തണമെങ്കില്‍ 24 ലക്ഷം വോട്ടിംഗ് മെഷീനുകള്‍ ആവശ്യമാണ്. നിലവിലെ കണക്കുകള്‍ പ്രകാരം 4500 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.






