തിരുവനന്തപുരം: കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സച്ചിന് ബേബിക്കെതിരായ സഹതാരങ്ങളുടെ പരാതിയില്‍ കഴമ്പില്ലെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്. പരാതിയില്‍ കഴമ്പില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സഞ്ജു സാംസണ് ഉള്‍പ്പെടെ പരാതി നല്കിയ താരങ്ങള്‍ക്ക് കെ.സി.എ കാരണം കാണിക്കല്‍ നോട്ടീസ് നല്കി. സഞ്ജു അടക്കം 13 താരങ്ങള്‍ക്കാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.
സഞ്ജു സാംസണ്, അക്ഷയ് കെ.സി, സല്മാന് നിസാര്‍, അസറുദീന്‍ എന്നീ നാല് താരങ്ങള്‍ക്ക് പ്രത്യേകം നോട്ടീസ് നല്‍കിയിട്ടുണ്ട്. കര്‍ണാടകയില്‍ നടന്ന ടൂര്‍ണമെന്റിനിടെ ടീം മാനേജ്മെന്റിന്റെ അനുമതിയില്ലാതെ താരങ്ങള്‍ താമസിച്ചിരുന്ന ഹോട്ടലില്‍ നിന്ന് രണ്ട് ദിവസം പുറത്ത് പോയിരുന്നു. ഇതിനാലാണ് പ്രത്യേകം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.
കഴിഞ്ഞ മാസം 26നാണ് സച്ചിന് ബേബിക്കെതിരെ സഹതാരങ്ങള്‍ അസോസിയേഷന് പരാതി നല്‍കിയത്. സച്ചിന് ബേബിയെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്നായിരുന്നു കത്തിലെ ആവശ്യം. സഞ്ജു സാംസണ് അടക്കം 15 താരങ്ങളാണ് കെ.സി.എയ്ക്ക് കത്ത് നല്‍കിയത്. നായകനെന്ന നിലയില്‍ സച്ചിന്റെ പെരുമാറ്റം ശരിയല്ലെന്നായിരുന്നു താരങ്ങളുടെ ആക്ഷേപം. വളരെ ഗൗരവമായി കാണേണ്ട വിഷയമാണിതെന്നും ടീമിലെ കളിക്കാരുടെയെല്ലാം താല്‍പ്പര്യം മുന്‍നിര്‍ത്തിയാണ് കത്തെന്നും ടീമംഗങ്ങള്‍ വ്യക്തമാക്കി.
സച്ചിന് ബേബി സ്വാര്‍ത്ഥനാണെന്ന് ടീമംഗങ്ങള്‍ പറഞ്ഞു. കളി ജയിക്കുമ്പോള്‍ അത് സ്വന്തം ക്രെഡിറ്റിലേക്ക് മാറ്റുകയും തോല്‍ക്കുമ്പോള്‍ സഹതാരങ്ങളുടെ മേല്‍ കുറ്റം ചുമത്തുകയാണെന്നും താരങ്ങള്‍ ആരോപിച്ചു. സച്ചിന്റെ പെരുമാറ്റം കാരണം കളിയില്‍ ശ്രദ്ധിക്കാന്‍ കഴിയുന്നില്ലെന്നും സഹതാരങ്ങളെക്കുറിച്ച് മറ്റ് താരങ്ങളോട് കുറ്റം പറയുന്ന ക്യാപ്റ്റനാണ് സച്ചിന്. ക്യാപ്റ്റന്റെ പെരുമാറ്റം കാരണമാണ് താരങ്ങള്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് വേണ്ടി കളിക്കാന്‍ പോകുന്നതെന്നും താരങ്ങളുടെ കത്തില്‍ പറയുന്നു.
ക്യാപ്റ്റന്‍ സ്ഥാനത്ത് മറ്റൊരാള്‍ വരണമെന്നും ഇക്കാര്യത്തില്‍ മാനേജ്മെന്റ് ഉടന്‍ തീരുമാനം എടുക്കണമെന്നും താരങ്ങള്‍ ആവശ്യപ്പെട്ടു. കെ.സി.എ സെക്രട്ടറിക്ക് നല്കിയ കത്തില്‍ അഭിഷേക് മോഹന്‍, കെ.സി അക്ഷയ്, കെ.എം ആസിഫ്, ഫാബിദ് ഫാറൂഖ്, വി.എ ജഗദീഷ്, മുഹമ്മദ് അസറുദീന്‍, എംഡി നിധീഷ്, വി.ജി റൈഫി, രോഹന് പ്രേം, സന്ദീപ് വാര്യര്‍, സഞ്ജു സാംസണ്, സല്മാന് നിസാര്‍, സിജോമോന്‍ എന്നിവരാണ് ഒപ്പിട്ടിരിക്കുന്നത്. അതേസമയം കത്തില്‍ പേരുണ്ടെങ്കിലും പി. രാഹുലും വിഷ്ണു വിനോദും ഒപ്പിട്ടിട്ടിരുന്നില്ല.






