
കൊച്ചി: സംസ്ഥാനത്ത് മഴ കുറഞ്ഞതിനാല്‍ എല്ലാ ജില്ലകളിലേയും റെഡ് അലേര്‍ട്ട് പിന്‍വലിച്ചു. എങ്കിലും പ്രളയം ഏറ്റവുമധികം ബാധിച്ച പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് നിലവിലുണ്ട്. ഇന്നലെ വരെ 11 ജില്ലകളില്‍ റെഡ് അലേര്‍ട്ട് തുടരുകയായിരുന്നു.
പത്തനംതിട്ട ജില്ലയിലെ ഭൂരിഭാഗം ആളുകളേയും രക്ഷിച്ചെങ്കിലും ചെങ്ങന്നൂര്‍, പാണ്ടനാട്, വെണ്മണി മേഖലകളില്‍ 5000 പേര് ഇനിയും കുടുങ്ങിക്കിടക്കുന്നതായി റവന്യൂ വകുപ്പ് അറിയിച്ചു. ഇവര്‍ സുരക്ഷിതരെന്നും രക്ഷാപ്രവര്‍ത്തനം ഇന്ന് വൈകിട്ടോടെ പൂര്‍ത്തിയാക്കുവാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. നെല്ലിയാമ്പതിയില്‍ 2000 പേര് കുടുങ്ങിയിട്ടുണ്ട്. ഹെലികോപ്ടര്‍ മുഖാന്തരം ഭക്ഷണവും വൈദ്യസഹായം ലഭ്യമാക്കുമെന്നും അറിയിച്ചിട്ടുണ്ട്.
ചെങ്ങന്നൂരിലെ സ്ഥിതി അതീവഗുരുതരമായി തുടരുകയാണ്. ഭക്ഷണവും വെള്ളവും മരുന്നുമില്ലാതെയാണ് അഞ്ചാം ദിവസമാണ് ഇവിടെയുള്ളവര്‍ കുടുങ്ങിക്കിടക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കുട്ടനാട്ടില്‍ നിന്നും ജനങ്ങളെ പൂര്‍ണമായും ഒഴിപ്പിക്കേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട് കുമരകം മുതല്‍ വൈക്കംവരെ പതിനായിരത്തോളം വീടുകള്‍ വെള്ളത്തിനടിയിലായി. അപ്പര്‍ കുട്ടനാട്ടിലും പ്രതിസന്ധി രൂക്ഷമാണ്. മഴ ഇടയ്ക്ക് മാത്രമാണ് പെയ്യുന്നതെന്നും സൂചനയുണ്ട്.
പറവൂരില്‍ രണ്ട് മൃതദേഹങ്ങള്‍കൂടി കണ്ടെത്തി. കുത്തിയതോട്ടില്‍ പള്ളിമതില് ഇടിഞ്ഞുണ്ടായ അപകടത്തില്‍പ്പെട്ട ആറു പേരില്‍ രണ്ടുപേരുടെ മൃതദേഹമാണ് കണ്ടെത്തിയത്. കുത്തിയത്തോട് സ്വദേശികളായ ജോസ്, ഷെവലിയാര്‍ എന്നിവരാണ് മരിച്ചത്. തൃശ്ശൂര്‍ പൂവത്തുശേരിയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ കാണാതായ എട്ടുപെരെക്കുറിച്ച് ഇപ്പോഴും വിവരങ്ങളില്ല.






