
ന്യൂഡല്‍ഹി: ക്രിക്കറ്റില്‍ നിന്നു ജഴ്സി ഊരിക്കഴിഞ്ഞ് രാഷ്ട്രീയത്തിന് ഇറങ്ങിയ അനേകം താരങ്ങളുടെ പാതയിലാണ് ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീറും. ബിജെപിയില്‍ ചേര്‍ന്ന് താരം അടുത്ത ഡല്‍ഹി പൊതു തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ യ്ക്ക് വേണ്ടി മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍.
അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടി ഭരിക്കുന്ന ഡല്‍ഹിയില്‍ നഷ്ടപ്പെട്ട ഇമേജ് തിരിച്ചു പിടിക്കാനായി താരത്തെ പോലെയൊരാളെ മുന്നില്‍ നിര്‍ത്തി നേട്ടം ഉണ്ടാക്കാനാണ് ബിജെപിയുടെ നീക്കം. ദൈനിക് ജാഗരണാണ് വാര്‍ത്ത പുറത്തു വിട്ടിരിക്കുന്നത്.
അതേസമയം വാര്‍ത്ത ശരിയാണെങ്കില്‍ ക്രിക്കറ്റിലെ തന്റെ മുന്‍ഗാമികളായ മൊഹമ്മദ് അസ്ഹറുദ്ദീന്, നവ്ജ്യോത് സിംഗ് സിദ്ദു, മൊഹമ്മദ് കൈഫ്, പ്രവീണ്‍കുമാര്‍, വിനോദ് കാംബ്ളി, മന്‍സൂര്‍ അലിഖാന് പട്ടൗഡി എന്നിവരുടെ നിരയിലാകും ഗംഭീറും.
2016 ല്‍ ഇംഗ്ളണ്ടിന്റെ ഇന്ത്യാ പര്യടനത്തിലാണ് ഗംഭീര്‍ അവസാനമായി ഇന്ത്യന്‍ ടീമില്‍ കളിച്ചത്. 2012 ലാണ് ഏകദിനം കളിച്ചത്. 58 ടെസ്്റ്റില്‍ നിന്നായി 4,154 റണ്‍സും 147 ഏകദിനത്തില്‍ നിന്നായി 5,238 റണ്‍സ് എടുക്കുകയും ചെയ്തിട്ടുണ്ട്.
ഇന്ത്യ 2007 ല്‍ ലോകകപ്പ് നേടിയപ്പോള്‍ ടീമിനായി മികച്ച പങ്കാളിത്തം വഹിച്ച ഗംഭീര്‍ രണ്ടു ഐപിഎല്‍ കിരീടം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് സമ്മാനിക്കുകയും ചെയ്തു. കഴിഞ്ഞ സീസണിലാണ് ഡെല്ഹിഡെവിള്സ് നായകനായി കളിച്ചത്.






