
കൊച്ചി: ത്യാഗത്തിന്റെ സ്മരണയില്‍ ഇസ്ലാം മത വിശ്വാസികള്‍ ഇന്ന് ബലി പെരുന്നാള്‍ ആഘോഷിക്കുകയാണ്. പ്രളയ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇക്കുറി ആഘോഷങ്ങള്‍ ഒന്നും ഇല്ല. ഈ തുക ദുരിതമനുഭവിക്കുന്നവര്‍ക്ക് നല്‍കിയിരിക്കുകയാണ് നിരവധി വിശ്വാസികള്‍. പള്ളികളില്‍ പ്രാര്‍ത്ഥനയ്ക്ക് എത്തിയ വിശ്വാസികള്‍ പ്രളയക്കെടുതിയില്‍ വലയുന്നവര്‍ക്കുള്ള സഹായങ്ങള്‍ സമാഹരിച്ചു.
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ വിശ്വാസികള്‍ക്ക് ഈദ് സന്ദേശം നല്കി. ആഘോഷങ്ങള്‍ ഇല്ലാതെ ദുരിതമനുഭവിക്കുന്നവരെ ആശ്വസിപ്പിക്കാന്‍ എല്ലാവരും മുന്നിട്ടിറങ്ങണം എന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ബലി പെരുന്നാള്‍ സന്ദേശത്തില്‍ പറഞ്ഞു. ആപത്ഘട്ടത്തില്‍ താങ്ങും തലോടലുമായിവന്ന് മനുഷ്യ മഹത്വത്തിന്റെ മഹാ മാതൃകകളായി നിന്ന വിവിധ രാഷ്ട്രങ്ങളുടെ സാരഥികള്‍ക്കും നാടിന്റെ ഒരോ കോണിലും ആഴ്ചയിലേറെയായി സ്വയം മറന്നു രക്ഷാപ്രവര്‍ത്തനങ്ങളില്‍ മുഴുകിയ എല്ലാ സഹോദരങ്ങള്‍ക്കും പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു. കരുത്തോടെ പുതുജീവിതത്തിലേക്കും ശോഭനമായ ഭാവിയിലേക്കും പ്രവേശിക്കാന്‍ നാടിനും നാട്ടുകാര്‍ക്കും ദൈവാനുഗ്രഹമുണ്ടാവട്ടെ എന്നും ഹൈദരലി തങ്ങള്‍ ആശംസിച്ചു.
മകനെ ബലി നല്കാന് തയ്യാറായ ഇബ്രാഹിം നബിയുടെ ത്യാഗവും സമര്‍പ്പണവും ഓര്‍ത്തെടുത്ത് വിവിധ സംഘടനകളുടെയും വ്യക്തികളുടെയും നേതൃത്വത്തില്‍ ബലി അറക്കലും വിതരണവും നടക്കും. മഴക്കെടുതിയുടെ ദുരിതക്കയത്തില്‍ നിന്ന് വിപണിയും മുക്തമായിട്ടില്ല. പൊതുവെ പെരുന്നാളിനോട് അടുത്ത ദിവസങ്ങളിലുണ്ടാകുന്ന തിരക്ക് കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപാര സ്ഥാപനങ്ങളില്‍ ഉണ്ടായിരുന്നില്ല.






