
കൊല്ലം: വീടിനുള്ളിലിരുന്ന് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് നാല് വീടുകള്‍ കത്തിയമർന്നു. കൊല്ലം മുണ്ടയ്ക്കല്‍ അമൃതകുളം കോളനിയില്‍ നടന്ന അപകടത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മൂന്ന് വീടുകള്‍ പൂര്‍ണ്ണമായും ഒരു വീട് ഭാഗികമായും കത്തി നശിച്ചു.
കോളനിയിലെ താമസക്കാരായ കൃഷ്ണന്, മാടത്തി, സാവിത്രി എന്നിവരുടെ വീടുകള്‍ പൂര്‍ണ്ണമായും ചെര്‍വാരന്‍ എന്നയാളുടെ വീട് ഭാഗികമായും കത്തി നശിച്ചു. വ്യാഴാഴ്ച രാത്രി ഒന്‍പത് മണിയോടെയാണ് ഉഗ്രസ്ഫോടനത്തോടെ തീപിടുത്തമുണ്ടായത്. വീടുകളിലുണ്ടായിരുന്ന രണ്ട് ഗ്യാസ് സിലിണ്ടറുകളാണ് പൊട്ടിത്തെറിച്ചത്. അപകടസമയത്ത് വീട്ടില്‍ ആളുണ്ടായിരുന്നില്ല എന്നത് വന്‍ ദുരന്തം ഒഴിവാകാന്‍ കാരണമായി.
വീടിനുള്ളിലിരുന്ന ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് പെട്ടെന്ന് തന്നെ തീ മറ്റ് വീടുകളിലേയ്ക്കും പടര്‍ന്നുപിടിക്കുകയായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ചാമക്കട, കടപ്പാക്കട എന്നിവിടങ്ങളില്‍ നിന്നു എട്ട് യൂണിറ്റ് ഫയര്‍ഫോഴ്സ് എത്തിയാണ് തീകെടുത്തിയത്.





