
കണ്ണൂര്‍: പിണറായി കൂട്ടക്കൊലക്കേസ് പ്രതിയായ സൗമ്യയുടെ മൃതദേഹം ഏറ്റെടുക്കാന്‍ ബന്ധുക്കള്‍ തയാറായില്ല. ഏറ്റെടുക്കാനാകില്ലെന്നു സഹോദരി രേഖാമൂലം അറിയിച്ചു. ജയില്‍വകുപ്പിനു െകെമാറിയ മൃതദേഹം ഇതോടെ ഇന്നു രാവിലെ പത്തരയ്ക്ക് പയ്യാമ്പലത്ത് സംസ്കരിക്കാന്‍ പോലീസ് അധികൃതരുടെ തീരുമാനം.
പോസ്റ്റ്മോര്‍ട്ടത്തിനുശേഷം പരിയാരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലാണു മൃതദേഹം. നടപടിക്രമങ്ങളുടെ ഭാഗമായി മൃതദേഹം ഏറ്റെടുക്കാന്‍ ബന്ധുക്കളുണ്ടോ എന്ന് ആരാഞ്ഞ് മാധ്യമങ്ങളില്‍ വാര്‍ത്ത നല്‍കും. 10.30-ന് മുമ്പായി ആരെങ്കിലും സമീപിച്ചാല്‍ വിട്ടുനല്‍കും. അല്ലെങ്കില്‍ പയ്യാമ്പലത്ത് സംസ്കരിക്കുമെന്നു പോലീസ് അറിയിച്ചു.
കൊലപാതകങ്ങളില്‍ ആര്‍ക്കെങ്കിലും പങ്കുള്ളതായി സൗമ്യയുടെ ആത്മഹത്യാക്കുറിപ്പിലില്ല. '' എന്റെ മരണത്തില്‍ ഉദ്യോഗസ്ഥര്‍ക്കു പങ്കില്ല. ഞാന്‍ ആരെയും കൊന്നിട്ടില്ല, ബന്ധുക്കള്‍ ഒറ്റപ്പെടുത്തിയതിനാലാണ് ആത്മഹത്യ''- എന്നു മാത്രമാണ് ആത്മഹത്യാക്കുറിപ്പില്‍. ഈ സാഹചര്യത്തില്‍ കേസുമായി മുന്നോട്ടുപോകുന്നതില്‍ കാര്യമില്ലെന്നു പോലീസ് പറയുന്നു.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച സൗമ്യയെ വനിതാ ജയിലിലെ കശുമാവില്‍ തൂങ്ങിമരിച്ച നിലയിലാണു കണ്ടെത്തിയത്. മറ്റൊരാളുടെ സാരിയിലാണു സൗമ്യ തൂങ്ങിയത്. വഴിവിട്ട ബന്ധങ്ങള്‍ക്കു മകളും മാതാപിതാക്കളും തടസമായപ്പോള്‍ മൂവരേയും അതിവിദഗ്ധമായി സൗമ്യ കൊന്നുതള്ളിയെന്നായിരുന്നു പോലീസിന്റെ കണ്ടെത്തല്‍. സൗമ്യയുടെ അമ്മ വണ്ണത്താം വീട്ടില്‍ കമല(65), പിതാവ്് കുഞ്ഞേരി കുഞ്ഞിക്കണ്ണന് (80), മകള്‍ ഐശ്വര്യ(9) എന്നിവരാണ് പിണറായിയിലെ വീട്ടില്‍ ക്രൂരമായി കൊലചെയ്യപ്പെട്ടത്.
ജനുവരി 31നാണ് ഐശ്വര്യ മരിച്ചത്. കമല മാര്‍ച്ച് ഏഴിനും കുഞ്ഞിക്കണ്ണന് ഏപ്രില്‍ 13-നും മരിച്ചു. എലിവിഷം ഭക്ഷണത്തില്‍ കലര്‍ത്തി നല്‍കിയാണ് സൗമ്യ മൂവരെയും കൊലപ്പെടുത്തിയതെന്നാണു പോലീസ് കണ്ടെത്തല്‍. വിചാരണയ്ക്കു മുന്നോടിയായി കണ്ണൂര്‍ വനിതാ സബ്ജയില്‍ റിമാന്‍ഡ് തടവില്‍ പാര്പ്പിച്ചുവരുന്നതിനിടെയാണ് സൗമ്യയുടെ ആത്മഹത്യ. ഏകപ്രതിയായ സൗമ്യ മരിച്ചതോടെ പിണറായി കൂട്ടക്കൊലക്കേസിലെ വിചാരണ നടപടികളും അവസാനിക്കും.
പിണറായി കൂട്ടക്കൊലക്കേസ് പ്രതി സൗമ്യ ജയിലില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ജയില്‍ അധികൃതര്‍ക്കു ഗുരുതര വീഴ്ചയുണ്ടായെന്നു പ്രാഥമിക നിഗമനം. വനിതാ ജയില്‍ സൂപ്രണ്ട് തയാറാക്കിയ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് ഉത്തരമേഖലാ ജയില്‍ ഡി.ഐ.ജി: എസ്. സന്തോഷിനു െകെമാറി. റീജിയണല്‍ വെല്‍ഫെയര്‍ ഓഫീസര്‍ കെ.വി. മുകേഷിനോടും ഡി.ഐ.ജി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. സംഭവത്തെക്കുറിച്ച് അന്വേഷിച്ചു റിപ്പോര്‍ട്ട് നല്കാന് ഉത്തര മേഖലാ ജയില്‍ ഡി.ഐ.ജിയോടു ജയില്‍ ഡി.ജി.പി: ആര്. ശ്രീലേഖയും ഉത്തരവിട്ടിട്ടുണ്ട്. പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജീവനക്കാര്‍ക്കെതിരേ നടപടി ഉടനുണ്ടാകുമെന്നാണു സൂചന.
കൊലക്കേസ് പ്രതികളെ ജയിലില്‍ പുറംജോലികള്‍ക്കു നിയോഗിക്കുമ്പോള്‍ പുലര്‍ത്തേണ്ട ജാഗ്രത സൗമ്യയുടെ കാര്യത്തിലുണ്ടായില്ലെന്നാണ് പ്രാഥമിക വിലയിരുത്തല്‍. സെല്ലിനു പുറത്തു തടവുകാരെ ജോലിക്കു വിടുമ്പോള്‍ ഉദ്യോഗസ്ഥര്‍ ഒപ്പമുണ്ടാകണമെന്നാണു ചട്ടം. എന്നാല്‍ ജോലിസ്ഥലത്തുനിന്നു സൗമ്യയെ കാണാതായ വിവരം ഉദ്യോഗസ്ഥര്‍ അറിയുന്നതു മരക്കൊമ്പില്‍ തൂങ്ങിയശേഷമാണ്. കണ്ണൂര്‍ വനിതാ ജയിലില്‍ 20 തടവുകാര്‍ക്ക് 23 ജീവനക്കാരുണ്ട്. സമയത്ത് നാലു ജീവനക്കാര്‍ മാത്രമാണു ഡ്യൂട്ടിയിലുണ്ടായിരുന്നതെന്നു പറയപ്പെടുന്നു. ആവശ്യത്തിലധികം ജീവനക്കാന് വനിതാ ജയിലില്‍ ഉണ്ടായിരുന്നിട്ടും തടവുകാരിയുടെ നീക്കങ്ങള്‍ അറിയാതിരുന്നത് ഗുരുതുരമായ വീഴ്ചയായാണ് വിലയിരുത്തുന്നത്.
രാവിലെ ആറിനാണു ജോലിക്കായി തടവുകാരെ സെല്ലില്‍നിന്നു പുറത്തിറക്കിയത്. 7.30നു പ്രാതല്‍ കഴിച്ചശേഷം വീണ്ടും ജോലിക്കിറങ്ങി. 9.30-നാണു സൗമ്യയുടെ മൃതദേഹം കണ്ടെത്തിയത്. സഹ തടവുകാരിയുടെ സാരിയില്‍ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു ഇത്. ജയില്‍ വസ്ത്രം മാത്രം ധരിക്കാന്‍ അനുവാദമുണ്ടായിരുന്ന സൗമ്യയ്ക്ക് തൂങ്ങിമരിക്കാന്‍ സാരി കിട്ടിയതും ജയില്‍ ജീവനക്കാരുടെ വീഴ്ചയായാണ് കണക്കാക്കുന്നത്.
ജയില്‍ അധികൃതര്‍ക്കെതിരേ കേസെടുക്കാന്‍ മനുഷ്യാവകാശ കമ്മിഷനും നിര്‍ദേശിച്ചിട്ടുണ്ട്. ആത്മഹത്യയില്‍ ദുരൂഹയുണ്ടോയെന്ന് അന്വേഷിക്കണമെന്നാണു നിര്‍ദേശം. സൗമ്യ കസ്റ്റഡിയില്‍ പീഡനത്തിനിരയായിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്നും കമ്മിഷന് നിര്‍ദേശിച്ചു. ആരെങ്കിലും ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചോ എന്ന കാര്യവും അന്വേഷണ പരിധിയില്‍ വരും.






