കണ്ണൂര്‍: പിണറായി കൂട്ടക്കൊലക്കേസിലെ ഏകപ്രതി സൗമ്യ ജയിലില്‍ മരിച്ച സംഭവത്തില്‍ ജയില്‍ ജീവനക്കാര്‍ക്ക് വീഴ്ച സംഭവിച്ചതായി റീജണല്‍ വെല്‍ഫെയര്‍ ഓഫീസറുടെ റിപ്പോര്‍ട്ട്. അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് ഉത്തര മേഖലാ ജയില്‍ ഡി.ഐ.ജി ബുധനാഴ്ച കണ്ണൂര്‍ വനിതാ ജയില്‍ സന്ദര്‍ശിക്കും. ജയില്‍ സൂപ്രണ്ട് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചുവെന്നാണ് വെല്‍ഫെയര്‍ ഓഫീസറുടെ കണ്ടെത്തല്‍.
കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ഡി.ഐ.ജി എസ്. സന്തോഷ് കുമാര്‍ നേരിട്ടെത്തി അന്വേഷണം നടത്തി ബുധനാഴ്ച അന്തിമ റിപ്പോര്‍ട്ട് നല്‍കും. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടി ഉണ്ടായേക്കും. റിമാന്‍ഡ് തടവുകാര്‍ക്ക് ജയിലില്‍ ജോലി ചെയ്യേണ്ടതില്ല. എന്നാല്‍ സൗമ്യയുടെ നിരന്തര അഭ്യര്‍ത്ഥന മാനിച്ചാണ് സൂപ്രണ്ട് ജോലി നല്‍കിയത്. ഇതും അന്വേഷണ പരിധിയില്‍ വരും.
ജയിലിലെ ജോലിയുടെ ഭാഗമായി പുല്ല് അരിയാന്‍ പോയ സൗമ്യ തന്റെ സഹതടവുകാരിയുടെ സാരി ഉപയോഗിച്ച് തൂങ്ങി മരിക്കുകയായിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് സൗമ്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അതേസമയം സൗമ്യയുടെ മൃതദേഹം ഏറ്റെടുക്കാന്‍ ബന്ധുക്കള്‍ തയ്യാറായില്ല. ഇതേതുടര്‍ന്ന് അജ്ഞാത മൃതദേഹങ്ങള്‍ സംസ്കരിക്കുന്നതിന്റെ നടപടികള്‍ പൂര്‍ത്തിയാക്കി പയ്യാമ്പലം പൊതുശ്മശാനത്തില്‍ സംസ്കരിച്ചു.






