
ലണ്ടന്‍: ജയം തേടി പരമ്പര സമനിലയിലേക്ക് എത്തിക്കാനായി ഇറങ്ങിയ ഇന്ത്യയ്ക്ക് നാലാം ടെസ്റ്റില്‍ മികച്ച തുടക്കം. ടോസ് നേടി ബാറ്റിങ്ങ് തിരഞ്ഞെടുത്ത ആതിഥേയര്‍ക്ക് 140 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ആറു വിക്കറ്റുകള്‍ നഷ്ടമായി. ഒരു റണ്‍ മാത്രമുള്ളപ്പോള്‍ ഓപ്പണര്‍ കീറ്റന്‍ ജെന്നിങ്സനെ ജസ്പ്രീത് ബുംമ്ര പിഴുതാണ് ആദ്യ പ്രഹരം ഏല്‍പ്പിച്ചത്. ചായയ്ക്കു ശേഷം ക്രീസിലെത്തിയ ഏഴാം വിക്കറ്റ് കൂട്ടുകെട്ട് ആറു വിക്കറ്റിന് 151 റണ്‍സെന്ന നിലയിലാണ്. മോയിന്‍ അലി( 69 പന്തില്‍ 34), സാം കുറാന്( 58 പന്തില്‍ 28 റണ്‍സ്) എന്നിവരാണ് ക്രീസില്‍.
നാലു പന്തില്‍ റണ്ണൊന്നും എടുക്കാതെ ബുംമ്രയുടെ പന്തില്‍ എല്‍ബിയില്‍ കുരുങ്ങിയാണ് ജെന്നിങ്സ് പുറത്തായത്. ഏഴാം ഓവറില്‍ ഇഷാന്ത് ശര്‍മ്മയുടെ ആദ്യ പന്തില്‍ എല്‍ബിയില്‍ കുരുങ്ങിയാണ് ക്യാപ്റ്റന്‍ ജോ റൂട്ടും പുറത്തായത്. 14 പന്തില്‍ നാലു റണ്‍സ് മാത്രമാണ് റൂട്ടിന് സ്കോര്‍ബോര്‍ഡില്‍ കൂട്ടിച്ചേര്‍ക്കാനായത്. ജോണി ബെയര്‍സ്റ്റോ (16 പന്തില്‍ ആറ്) ജോസ് ബട്ലര്(24 പന്തില്‍ 21) ബെന്‍ സ്റ്റോക്സ്(79 പന്തില്‍23) എന്നിവരാണ് പുറത്തായ താരങ്ങള്‍. ഇന്ത്യയ്ക്കായി ബുംമ്ര, ഷാമി എന്നിവര്‍ രണ്ടും, ഇഷാന്ത് ശര്‍മ്മ, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
ജോ റൂട്ടിന്റെ വിക്കറ്റ് വീഴ്ത്തിയതോടെ 250 വിക്കറ്റ് നേട്ടമെന്ന ബഹുമതിയും ഇഷാന്ത് ശര്‍മ്മ സ്വന്തമാക്കി. 86 ടെസ്റ്റില്‍ നിന്നാണ് ഇഷാന്ത് 250 വിക്കറ്റുകള്‍ നേടിയത്. ഏറ്റവും പതിയെ 250 ല്‍ എത്തിയ ബൗളര്‍മാരില്‍ ഇഷാന്ത് ശര്‍മ്മ രണ്ടാമനായി. 127 ടെസ്റ്റില്‍ നിന്ന് 250 വിക്കറ്റ് സ്വന്തമാക്കിയ ദക്ഷിണാഫ്രിക്കയുടെ ജാക്ക് കാലീസാണ് മുന്നില്‍. 81 ടെസ്റ്റുകളില്‍ നിന്ന് പതിയെയുള്ള വിക്കറ്റ് നേട്ടം സ്വന്തമാക്കിയതില്‍ ന്യൂസിലാന്‍ഡിന്റെ ഡാനിയേല്‍ വെട്ടോറിയാണ് മൂന്നാമത്.






