
തിരുവനന്തപുരം : പ്രളയത്തില്‍ വലഞ്ഞ കേരളത്തില്‍ മത്സ്യത്തൊഴിലാളികളും നാട്ടുകാരും വിവിധ സേനാവിഭാഗവും നടത്തിയ വന്‍ രക്ഷാ പ്രവര്‍ത്തനങ്ങളില്‍ കേരളാപോലീസ് രക്ഷകരായത് 53,000 പേര്‍ക്ക്. ഒന്നര ലക്ഷത്തോളം പേരെ രക്ഷിച്ച് സുരക്ഷാ ക്യാമ്പുകളിലേക്ക് എത്തിക്കുന്നതിനും പോലീസിന് കഴിഞ്ഞു. തുടക്കത്തില്‍ 35000 പോലീസുകാരാണ് രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തത് പ്രളയം രൂക്ഷമായതിനെ തുടര്‍ന്ന് 5000 ഉദ്യോഗസ്ഥര്‍ കൂടി രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവുകയായിരുന്നു.
രക്ഷാപ്രവര്‍ത്തകര്‍ക്ക് വഴികാട്ടാനും പല സ്ഥലങ്ങളിലും ഗതാഗതം നിയന്ത്രിക്കാനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മുന്നിട്ടിറങ്ങാനും പോലീസിന് കഴിഞ്ഞു. അണക്കെട്ടുകള്‍ തുറക്കുന്നതിന് മുന്‍പ് സമീപ പ്രദേശങ്ങളില്‍ താമസിക്കുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങളും ഏറ്റെടുത്തു.
രണ്ടു ഘട്ടങ്ങളിലായി നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന്റെ ആദ്യഘട്ടത്തില്‍ ജനങ്ങളുടെ ജീവന് രക്ഷിക്കാന്‍ മുന്‍ഗണന നല്കിയപ്പോള് രണ്ടാമത്തെ ഘട്ടത്തില്‍ രക്ഷപ്പെടുത്തിയവരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് ശ്രദ്ധ ചെലുത്തി. സംസ്ഥാന പോലീസ് സേന മേധാവി ലോക്നാഥ് ബഹ്റ യുടെ നേതൃത്വത്തില്‍ സായുധ സേന വിഭാഗങ്ങള്‍, വനിതാ കമാന്റോകള്‍, സി.ആര്.പി.എഫ്, ലോക്കല്‍ പോലീസ്, പോലീസ് ട്രെയിനിങ് കോളേജുകളിലെയും ക്യാമ്പുകളിലെയും ട്രെയിനികള്‍ ഉള്‍പ്പടെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു.
പലസ്ഥലങ്ങളിലും പ്രത്യേക കണ്ട്രോള് റൂമുകള്തുറക്കുകയും. ടെലിഫോണ്‍ലൈനുകള്‍ നശിച്ചതോടെ അശയ വിനിമയത്തിനായി വയര്‍ലസ് സംവിധാനങ്ങളും വിട്ടുനല്‍കുകയും ചെയ്തു . പ്രളയം രൂക്ഷമായതോടെ ഒന്നരലക്ഷം കോളുകളാണ് കണ്ട്രോള് റൂമിലേക്ക് വന്നത്. മത്സ്യ തൊഴിലാളികളുടെ ബോട്ടുകള്‍ക്കു പുറമെ തീരദേശ പേലീസിന്റെ 258 ബോട്ടുകളും പോലിസിന്റെ തന്നെ 2276 വാഹനങ്ങളു രക്ഷാ ദൗത്യങ്ങള്‍ക്കും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിച്ചിരുന്നു.






