
ന്യൂഡല്‍ഹി : രാജ്യത്തെ വിമര്‍ശിക്കുന്നത് രാജ്യദ്രോഹ കുറ്റമായി കാണാനാകില്ലെന്ന് നിയമകമ്മിഷന്റെ നിരീക്ഷണം. നിയമ വിരുദ്ധ മാര്‍ഗ്ഗങ്ങളിലൂടെയോ അക്രമത്തിലൂടെയോ സര്‍ക്കാരിനെ അട്ടിമറിക്കാനായി നടത്തുന്ന നീക്കങ്ങളാണെങ്കില്‍ മാത്രമേ രാജ്യദ്രോഹ പരിധിയില്‍ കൊണ്ടുവരാനാകൂ എന്നാണ് കമ്മിഷന്റെ നിരീക്ഷണം.
രാജ്യത്തെ തന്നെയോ രാജ്യത്തിന്റെ ഏതെങ്കിലും ദര്‍ശനങ്ങളെയോ വിമര്‍ശിക്കുന്നതിനെ രാജ്യദ്രോഹമായി കണക്കാക്കാനാകില്ല. സ്വന്തം ചരിത്രത്തെ വിമര്‍ശന വിധേയമാക്കാനുള്ള അവകാശവും അഭിപ്രായ സ്വാതന്ത്രത്തിന്റെ പരിധിയില്‍ വരുന്നതാണെന്നും ഇതുസംബന്ധിച്ച കണ്സള്ട്ടേഷന് പേപ്പറില്‍ കമ്മിഷന് പറയുന്നു. സര്‍ക്കാരിന്റെ നിലപാടുകളോടോ അഭിപ്രായങ്ങളോടോ ഐക്യപ്പെടാത്തതിന്റെ പേരില്‍ ഒരു വ്യക്തിയേയും രാജ്യദ്രോഹിയായി മുദ്രകുത്താനാകില്ല. ഏതെങ്കിലും പ്രവര്‍ത്തിയുടെയോ പരാമര്‍ശത്തിന്റെയോ ഉദ്ദേശം സായുധ നീക്കത്തിലൂടെ സര്‍ക്കാരിനെ അട്ടിമറിക്കുക എന്നതാണെങ്കില്‍ മാത്രമേ അതിനെ രാജ്യദ്രോഹമായി കാണാനാകൂ എന്നും കമ്മിഷന് നിരീക്ഷിക്കുന്നു.
രാജ്യത്തിന്റെ അഖണ്ഡത കാത്തു സൂക്ഷിക്കേണ്ടതാണെങ്കിലും അതിനെ അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്താനുള്ള ആയുധമായി കണക്കാക്കാനാകില്ല. ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം മുഴക്കിയതിന്റെ പേരില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ജെ.എന്‍.യു വിദ്യാര്‍ത്ഥി കനയ്യ കുമാറിനെയും കമ്മിഷന് ഇതിനായി ഉദാഹരിച്ചിട്ടുണ്ട്.






