
ന്യൂയോര്‍ക്ക്: വീടില്ലാത്ത വൃദ്ധന് വേണ്ടി സാമൂഹ്യമാധ്യമം വഴി പിരിച്ചടുത്ത നാലുലക്ഷം ഡോളര്‍ സ്വന്തം പോക്കറ്റിലേക്ക് മാറ്റാന്‍ ശ്രമിച്ച ദമ്പതികള്‍ക്ക് കോടതിയുടെ പണി. കയ്യിലിരിക്കുന്ന പണം മുഴുവന്‍ യാചകന് നല്കാന് കോടതി വിധിച്ചു. ജോണി ബോബിറ്റ് എന്ന വൃദ്ധന് പണം കൈമാറാന്‍ ന്യൂജഴ്സിക്കാരായ കാറ്റി മക് ക്ളൂറും പങ്കാളി മാര്‍ക്ക് ഡി അമീക്കോയോടുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ജോണി ബോബിറ്റിന് വേണ്ടി ഇരുവരും ചേര്‍ന്ന് രാജ്യത്തുടനീളമായി 'ഗോ ഫണ്ട് മീ' എന്ന പേരില്‍ ഒരു പ്രചരണം തുടങ്ങിയിരുന്നു. തനിക്ക് വേണ്ടി പിരിച്ച പണം മക് ക്ളൂറും അമീക്കോയും ചേര്‍ന്ന് തട്ടിയെടുത്തതായുള്ള ബോബിറ്റിന്റെ ആരോപണം ദമ്പതികള്‍ നിഷേധിച്ചു. തങ്ങള്‍ പണം കൈമാറാതിരുന്നതിന് കാരണം ബോബിറ്റ് ആ പണം മദ്യത്തിനും മയക്കുമരുന്നിനുമായി ചെലവഴിക്കുമോ എന്ന് ഭയന്നായിരുന്നു എന്നാണ് ഇരുവരും പറയുന്നത്. അവശേഷിക്കുന്ന പണം ബോബിയ്ക്ക് വേണ്ടിയുള്ള അഭിഭാഷകന്റെ എസ്ക്രോ അക്കൗണ്ടിലേക്ക് മാറ്റാന്‍ വെള്ളിയാഴ്ച വരെയായിരുന്നു കോടതി സമയം നല്‍കിയത്. എങ്ങിനെ പണം ചെലവഴിക്കണമെന്ന നിര്‍ദേശവും കോടതി നല്‍കിയതായിട്ടാണ് വിവരം.
അതേസമയം ഇനി കയ്യിലുള്ളത് വെറും 150,000 ഡോളര്‍ ( ഏകദേശം10630758.33 രൂപ) മാത്രമാണെന്നാണ് ദമ്പതികള്‍ എന്‍ബിസിയുടെ ഒരു പരിപാടിയില്‍ പറഞ്ഞത്. തെരുവില്‍ കിടക്കുകയും ഭിക്ഷയെടുത്ത് ജീവിക്കുകയും ചെയ്തിരുന്ന ബോബിറ്റിനായി കഴിഞ്ഞ വര്‍ഷം അവസാനമാണ് മക് കളൂറും അമീക്കോയും ചേര്‍ന്ന് ഗോ ഫണ്ട് മീ പ്രചരണം തുടങ്ങിയത്. സ്വന്തം വീട്, വസ്ത്രം, ഭക്ഷണം ഒരു 1999 ഫോര്‍ഡ് റേഞ്ചറുമായിരുന്നു പ്രചരണത്തില്‍ പറഞ്ഞിരുന്നു. ഇതിലൂടെ 403,000 ഡോളര്‍ (ഏകദേശം 2 കോടി 85 ലക്ഷം രൂപ) സമ്പാദിക്കുകയും ചെയ്തു. മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ദമ്പതികള്‍ ഈ പണം കൊണ്ട് ബോബിറ്റിന് ഒരു ക്യാമ്പര്‍ വാങ്ങിക്കൊടുത്തു. പിന്നാലെ ടിവി, ലാപ്ടോപ്പ്, രണ്ടു സെല്‍ ഫോണുകള്‍ ഒരു സെക്കന്റ്ഹാന്റ് എസ്യുവിയും നല്കി.
ഒരിക്കല്‍ തെരുവില്‍ വെച്ചു പരിചയപ്പെട്ടതിന് പിന്നാലെയുണ്ടായ സൗഹൃദത്തില്‍ നിന്നുമാണ് മക് ക്ളൂറും അമീക്കോയും ബോബിറ്റിനായുള്ള ഗോ ഫണ്ട് മീ പ്രചരണം ആരംഭിച്ചത്. ബോബിറ്റ് ചെയ്തു കൊടുത്ത ഒരു നിസ്വാര്‍ത്ഥ സേവനത്തില്‍ നിന്നും തുടങ്ങിയ സൗഹൃദത്തില്‍ ബോബിറ്റിനായി കൂടുതല്‍ എന്തെങ്കിലും ചെയ്യണമെന്ന് ഇരുവര്‍ക്കും തോന്നുകയായിരുന്നു. ബോബിറ്റിന് 10,000 ഡോളര്‍ പിരിച്ചു കൊടുക്കാം എന്നായിരുന്നു ആദ്യം കരുതിയത്. എന്നാല്‍ ഇവരുടെ സൗഹൃദ കഥയ്ക്ക് പിന്നീട് മാധ്യമങ്ങളിലൂടെയും പത്രങ്ങളിലൂടെയും വലിയ പ്രചാരം കിട്ടിയതോടെ പണം പ്രവഹിക്കാന്‍ തുടങ്ങി. 14,000 പേരില്‍ നിന്നും 402,000 ഡോളറാ (ഏകദേശം 28490432.32 രൂപ) ണ് വന്നത്.
അതേസമയം മക് ക്ളൂറും അമിക്കോയും ബോബിറ്റിനെ വെച്ച് കളിക്കുകയായിരുന്നു എന്ന തരത്തിലുള്ള ആരോപണം വന്നതോടെയാണ് ഈ സൗഹൃദം പൊളിഞ്ഞു തുടങ്ങിയത്. ഗോ ഫണ്ട് മീ യെ ബോബിറ്റ് സംശയിച്ചു തുടങ്ങിയത്. എന്നാല്‍ താന്‍ വെറും രണ്ടു ലക്ഷം ഡോളര്‍ മാത്രമേ കൈവശം വെച്ചിട്ടുള്ളൂ എന്നാണ് അമീക്കോ പറയുന്നത്. ബാക്കി പണം ബോബിറ്റിനായി ചെലവഴിച്ചു. സൂക്ഷിച്ച പണം കൈമാറാതിരുന്നത് ബോബിയുടെ മയക്കുമരുന്നു ശീലം കൊണ്ടാണെന്നും പണം ധൂര്ത്തടിക്കുമോ എന്ന് ഭയന്നായിരുന്നെന്നും ഇവര്‍ പറഞ്ഞു. എന്നാല്‍ പതിനായിരങ്ങള്‍ തനിക്കായി നല്കിയ പണം ദമ്പതികള്‍ ധൂര്‍ത്തടിക്കാന്‍ തുടങ്ങിയോ എന്ന സംശയം ബോബിറ്റിനെ കുഴക്കിക്കൊണ്ടിരുന്നു.
ന്യൂ ജഴ്സിയില്‍ ഒരു ഗതാഗതവകുപ്പിലെ റിസിപ്ഷനിസ്റ്റ് ജോലി ചെയ്യുന്ന മക് ക്ളൂറും തടിപ്പണിക്കാരനായ അമീക്കോയും പെട്ടെന്ന് പുതിയ ബിഎംഡബ്ള്യൂ കാര്‍ വാങ്ങിയതും ഫ്ളോറിഡയിലും കാലിഫോര്‍ണിയയിലും ലാസ് വേഗാസിലും ദമ്പതികള്‍ വിനോദയാത്ര പോകുന്നതും തനിക്ക് സംശയമായെന്ന് ബോബിറ്റ് പറയുന്നു. ഒരിക്കല്‍ ഗ്രാന്റ് കനിയോണില് ദമ്പതികള്‍ ഹെലികോപ്റ്റര്‍ യാത്ര കൂടി നടത്തിയതോടെ ബോബിറ്റ് താന്‍ വഞ്ചിതനായെന്ന് ഉറപ്പിച്ചു. ഫിലാഡല്‍ഫിയയിലെ കാസിനോയില്‍ ചൂതു കളിച്ചും പണം കളഞ്ഞെന്നും ബോബിറ്റ് ആരോപിച്ചു.
എന്നാല്‍ വെറും 500 ഡോളര്‍ (ഏകദേശം 35435.86 രൂപ) ചൂതുകളിച്ചതായി അമീക്കോ പിന്നീട് പറയുകയും ചെയ്തു. ഒരിക്കല്‍ മയക്കുമരുന്നിന് അടിമയായിരുന്ന ബോബിറ്റ് പണം ധൂര്‍ത്തടിക്കാതിരിക്കാന്‍ അയാളുടെ പേരില്‍ തങ്ങള്‍ തുടങ്ങിയ അക്കൗണ്ടില്‍ വെറും 25,000 ഡോളര്‍ (ഏകദേശം 1771793.05 രൂപ) മാത്രമാണ് നിക്ഷേപിച്ചതെന്ന് ഇരുവരും കോടതിയില്‍ പറഞ്ഞു.






