
സതാംപ്ടണ്: ഇന്ത്യയ്ക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്ങ്സിലും ഇംഗ്ലണ്ടിന്റെ 'റൂട്ട്' തെറ്റുന്നു. രണ്ടാം ഇന്നിങ്ങ്സില്‍ ബാറ്റിങ്ങ് ആരംഭിച്ച ആതിഥേയര്‍ക്ക് ആദ്യ വിക്കറ്റുകള്‍ നഷ്ടമായപ്പോള്‍ വന്മതിലായി വിശ്വാസം കാത്തത് ക്യാപ്റ്റന്‍ ജോ റൂട്ടായിരുന്നു. എന്നാല്‍ 88 പന്തില്‍ ആറു ബൗണ്ടറികള്‍ ഉള്‍പ്പെടെ 48 റണ്‍സെടുത്ത് നില്‍ക്കവെ റൂട്ടിനെ റണ്ണൗട്ടാക്കിയതോടെ ഇന്ത്യ പിടിമുറുക്കാന്‍ തുടങ്ങി. 53 ഓവര്‍ പിന്നിടുമ്പോള്‍ ഇംഗ്ലണ്ട് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സ് എന്ന നിലയിലാണ്. ജോസ് ബട്ലര്( 25 പന്തില്‍ 17) ബെന്‍ സ്റ്റോക്സ്( 67 പന്തില്‍ 17) എന്നിവരാണ് ക്രീസില്‍. നിലവില്‍ ഇംഗ്ലണ്ടിന് 118 റണ്‍സ് ലീഡുണ്ട്.
അലസ്റ്റര്‍ കുക്ക്( 12), മോയിന്‍ അലി( ഒന്‍പത്), കീറ്റണ്‍ ജെന്നിങ്സ്( 87 പന്തില്‍ 36), ജോണി ബെയര്‍സ്റ്റോ( 0), ജോ റൂട്ട് എന്നിവരുടെ വിക്കറ്റാണ് ഇംണ്ടിന് നഷ്ടമായത്. ഇന്ത്യയ്ക്കായി മുഹമ്മദ് ഷമി രണ്ടും ജസ്പ്രീത് ബുംമ്ര, ഇഷാന്ത് ശര്‍മ്മ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
ഇന്ത്യയെ 273 റണ്‍സിന് പുറത്താക്കിയ ആത്മവിശ്വാസത്തില്‍ രണ്ടാം ദിനം അവസാനിക്കാറായപ്പോള്‍ ബാറ്റിങ്ങിന് ആരംഭിച്ച ആതിഥേയര്‍ ആറു റണ്‍സ് എടുത്തിരുന്നു. മുന്നാം ദിനം വിക്കറ്റ് നഷ്ടപ്പെടാതെ കളി ആരംഭിച്ച ഇംഗ്ലണ്ടിന് സ്കോര്‍ 24 ല്‍ എത്തിയപ്പോള്‍ ആദ്യ വിക്കറ്റ് വീണു. കുക്കിന്റെ വിക്കറ്റ് ബുംമ്രയാണ് രാഹുലിന്റെ കൈകളില്‍ എത്തിച്ചത്. തുടര്‍ന്ന് മുന്നാം വിക്കറ്റില്‍ ക്യാപ്റ്റന്‍ ജോ റുട്ടും കീറ്റണ്‍ ജെന്നിങ്സും ഒരുമ്മിച്ചതോടെ റൂട്ട് ശരിയായി തുടങ്ങി. സ്കോര്‍ 92 ല്‍ എത്തിയപ്പോള്‍ ജെന്നിങ്സും 122 ല്‍ ജോ റൂട്ടും വീണു.
നേരത്തെ പൂജാരയുടെ സെഞ്ചുറിത്തിളക്കത്തിലാണ് ഇന്ത്യക്ക് ഒന്നാം ഇന്നിങ്ങ്സില്‍ 27 റണ്‍സിന്റെ ലീഡ് നേടാനായത്. ചേതേശ്വര്‍ പൂജാര 132 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ഇംഗ്ലണ്ടിനായി മൊയിന്‍ അലി അഞ്ചു വിക്കറ്റ് വീഴ്ത്തി.






