
സതാംപ്ടണ്: സതാംപ്ടണ് ടെസ്റ്റില്‍ ഇനി സംഭവിക്കുക നാടകീയ അന്ത്യം മാത്രം. ആര്‍ക്കും ജയിക്കാം. ആര്‍ക്കും തോല്‍ക്കാം. ഇന്ത്യ ബാറ്റ്സ്മാന്മാരിലേക്ക് പ്രതീക്ഷ ഉണര്‍ത്തുമ്പോള്‍ ആതിഥേയര്‍ക്ക് ബൗളര്‍മാരിലാണ് ഇനി വിശ്വാസം.
ഇംണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ 245 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ഇന്ത്യയ്ക്ക് പിഴച്ചു തുടങ്ങി. 25 റണ്‍സ് എടുക്കുന്നതിനിടെ ആദ്യ മൂന്ന് വിക്കറ്റുകള്‍ ഇന്ത്യയ്ക്ക് നഷ്ടമായി. 10 ഓവറുകള്‍ പിന്നിട്ടപ്പോള്‍ ഇന്ത്യ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 25 റണ്‍സ് എന്ന നിലയിലാണ്. ക്യാപ്റ്റന്‍ വിരാട് കോഹ്ലി( ഏഴു പന്തില്‍ ഒരു റണ്‍സ്) അജിങ്ക്യ രഹാനെ( ഏഴു പന്തില്‍ രണ്ട്)യുമാണ് ക്രീസില്‍. നിലവില്‍ ഇന്ത്യയ്ക്ക് മുന്നില്‍ 220 റണ്‍സ് കടമ്പയാണ് താണ്ടാനുള്ളത്. 29 പന്തില്‍ 17 റണ്‍സെടുത്ത ശിടര് ധവാന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് അവസാനം നഷ്ടമായത്. മൂന്നു ബൗണ്ടറി ഉള്‍പ്പെടെ നേടിയ ധവാന്റെ വിക്കറ്റ് ആന്ഡേഴ്സണ് സ്റ്റോക്സിന്റെ കൈകളില്‍ എത്തിക്കുകയായിരുന്നു. ഏഴു പന്തില്‍ റണ്‍സൊന്നും എടുക്കാതെ രാഹുലിന്റെ കുറ്റിതെറിപ്പിച്ചത് ബ്രോഡ് ആണ്. ആദ്യ ഇന്നിങ്ങ്സില്‍ സെഞ്ചുറി നെടുംതൂണ് ആയ ചേതേശ്വര്‍ പൂജാര( 14 പന്തില്‍ അഞ്ച്) യെ എല്‍ബിയില്‍ ആന്ഡേഴ്സണ് ആണ് കുരുക്കിയത്.
നേരത്തെ എട്ടിന് 260 റണ്‍സ് എന്ന നിലയില്‍ നാലാം ദിനം ബാറ്റിങ്ങ് പുനരാരംഭിച്ച ആതിഥേയര്‍ക്ക് 11 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ അവശേഷിച്ച രണ്ടു വിക്കറ്റുകളും നഷ്ടമായി. അതോടെ ഇന്ത്യയുടെ വിജയലക്ഷ്യം 245 റണ്‍സില്‍ ഒതുങ്ങി. നാലു വിക്കറ്റ് പിഴുത മുഹമ്മദ് ഷമിയാണ് ഇന്ത്യയ്ക്കായി തിളങ്ങിയത്. ഇഷാന്ത് ശര്‍മ്മ ഒന്നും ജസ്പ്രീത് ബുംമ്ര, അശ്വിന് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.






