
വയനാട് : ദുരിതാശ്വാസ നിധിയിലേയ്ക്കായി യാത്രക്കാരില്‍ നിന്നും പിരിച്ച പണം സംസ്ഥാന കമ്മറ്റി വഴി സര്‍ക്കാരിന് നല്‍കാനുള്ള ബസ് ഉടമകളുടെ നീക്കത്തില്‍ പ്രതിഷേധിച്ച് മാനന്തവാടി താലൂക്കിലെ ബസ് തൊഴിയാളികള് നടത്തി വന്ന സമരം തീര്‍ന്നു. തൊഴിലാളികളുടെ വിഹിതം ചെക്കായി ജില്ലാ കളക്ടറെ ഏല്‍പ്പിക്കാമെന്ന് ബസ് ഉടമകള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് രാവിലെ ഒന്‍പതു മണിയോടെ സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് തൊഴിലാളി നേതാക്കള്‍ പറഞ്ഞു.
എന്നാല്‍, ആദ്യം തൊഴിലാളി വിഹിതമായി നല്‍കാമെന്ന് ഉടമകള്‍ അറിയിച്ചിരുന്നത് 80000 രൂപയായിരുന്നുവെങ്കിലും 70000 രൂപയാണ് ഇപ്പോള്‍ നല്‍കുന്നതെന്ന് തൊഴിലാളികള്‍ പറഞ്ഞു. വിഹിതം ഒന്നേകാല്‍ ലക്ഷമായിരുന്നുവെന്നും ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
ഇന്നലെ രാത്രി 10 ന് മാനന്തവാടി സിഐയുടെ നേതൃത്വത്തില്‍ തൊഴിലാളികളും ബസ് ഉടമകളും ഒരു മണിക്കൂര്‍ ചര്‍ച്ച നടത്തിയെങ്കിലും ഇരുകൂട്ടരും ഒത്തുതീര്‍പ്പില്‍ എത്തിയിരുന്നില്ല. മാനന്തവാടി താലൂക്കില്‍ മാത്രം 5,85095 രൂപ പിരിച്ചെടുത്തിട്ടുണ്ടെന്നാണ് തൊഴിലാളികള്‍ പറയുന്നത്. എന്നാല്‍, രണ്ടര ലക്ഷത്തോളം രൂപയെന്നാണ് ബസ് ഉടമകള്‍ ചര്‍ച്ചയില്‍ പറഞ്ഞത്.
കഴിഞ്ഞ ദിവസമാണ് ബസ് ഉടമകളും തൊഴിലാളികളും സംയുക്തമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് തുക സമാഹരിക്കാനായി ബസുകളില്‍ ബക്കറ്റ് പിരിവ് നടത്തിയത്. ഈ തുക തൊഴിലാളി വിഹിതമായി കാണിച്ച് ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കണമെന്നായിരുന്നു സംയുക്തതൊഴിലാളി യൂണിയന്റെ ആവശ്യം. എന്നാല്‍ ഈ തുകയും ബസ് മുതലാളിമാരുടേത് ആക്കി കാണിച്ചതാണ് തൊഴിലാളികളെ ചൊടിപ്പിച്ചത്.






