കോഴിക്കോട്: ഇന്ധന വില വര്‍ധനവിനെതിരെ കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളും നടത്തുന്ന ഹര്‍ത്താലിനെതിരെ മുസ്ലീം ലീഗ് നേതാവ് എം.കെ മുനീര്‍. ഹര്‍ത്താല്‍ ഒഴിവാക്കണമെന്ന് മുനീര്‍ ആവശ്യപ്പെട്ടു. ബന്ദ് ഒഴിവാക്കി മറ്റൊരു തരത്തിലുള്ള പ്രതിഷേധത്തിന് കോണ്‍ഗ്രസും സി.പി.എമ്മും ശ്രമിക്കണമെന്നും മുനീര്‍ കൂട്ടിച്ചേര്‍ത്തു.
പ്രളയക്കെടുതിയില്‍ ബുദ്ധിമുട്ടുന്ന കേരളത്തെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കണമെന്ന് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രനും ആവശ്യപ്പെട്ടിരുന്നു. സി.പി.എമ്മിനെപ്പോലെ ഉത്തരവാദിത്തമില്ലാതെ പ്രതിപക്ഷ പാര്‍ട്ടികള്‍ പെരുമാറരുതെന്നുമായിരുന്നു സുരേന്ദ്രന്റെ പ്രസ്താവന.
കെ. സുരേന്ദ്രന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
ഹർത്താൽ, ബന്ദ് തുടങ്ങിയ പ്രതിഷേധങ്ങൾ പ്രതിപക്ഷം ഒരവകാശമായി കരുതുന്നതുകൊണ്ട് അതിനെ എതിർക്കുന്നില്ല. എന്നാൽ കേരളത്തെ ആ ബന്ദിൽ നിന്നൊഴിവാക്കണം. കാരണം പ്രളയദുരിതം മൂലം ഒരു വലിയ വിഭാഗം ജനങ്ങൾ കഷ്ടപ്പെടുകയാണ്. കുട്ടനാട്ടിലും പരിസരത്തും ഇനിയും വെള്ളം ഇറങ്ങിയിട്ടില്ല. ആയിരക്കണക്കിനാളുകൾ ഇന്നും ദുരിതാശ്വാസ ക്യാമ്പുകളിലാണ് കഴിയുന്നത്. വീട്ടിൽ തിരിച്ചെത്തിയ പലർക്കും കിടന്നുറങ്ങാനോ ഭക്ഷണം പാകം ചെയ്തു കഴിക്കാനോ കഴിയുന്ന സ്ഥിതിയില്ല. എലിപ്പനിയും മഞ്ഞപ്പിത്തവും പടരുന്നതിനാൽ പലരും ആശിപത്രിയിലാണ്. സർക്കാർ പ്രഖ്യാപിച്ച പതിനായിരം രൂപ ഇതുവരെ കിട്ടിയിട്ടില്ല. മുഖ്യമന്ത്രി നാട്ടിലില്ല. മന്ത്രിസഭായോഗം കൂടാനാവുന്നില്ല. മന്ത്രിമാരാണെങ്കിൽ തമ്മിലടിയിലും. പൊലീസിന് പിടുപ്പതു പണി വേറെയുണ്ട്. അതെല്ലാം പരിഗണിച്ച് ഈ ബന്ദിൽ നിന്ന് കേരളത്തെ ഒഴിവാക്കണം. സി. പി. എമ്മിനെപ്പോലെ പ്രതിപക്ഷമായ കോൺഗ്രസ്സും ഉത്തരവാദിത്വമില്ലാതെ പെരുമാറരുത്. വല്ല കരിദിനമോ പ്രതിഷേധദിനമോ ഒക്കെ നടത്തി ഈ സമരം അവസാനിപ്പിക്കണം. മോദിയെ വിറപ്പിക്കാൻ യു. പിയിലും മധ്യപ്രദേശിലും ദില്ലിയിലും മഹാരാഷ്ട്രയിലുമൊക്കെ ബന്ദ് വിജയിപ്പിച്ചാലും മതിയല്ലോ. അവിടെയൊന്നും ഈ ബന്ദ് വിജയിക്കാൻ പോകുന്നില്ലെന്നത് വേറെ കാര്യം. കൂനിൻമേൽ കുരുവായി മാറാൻ ചെന്നിത്തലയും ചാണ്ടിയും മുതിരരുത് എന്നഭ്യർത്ഥിക്കുന്നു.






