ഉത്തര്‍പ്രദേശ്: ക്ഷേത്രത്തില്‍ കെട്ടിയിട്ടിരുന്ന ബലൂണ്‍ പൊട്ടിച്ചതിന് ദളിത് ബാലനെ അഞ്ചഗം സംഘം മര്‍ദ്ദിച്ച് കൊലപ്പെടുത്തി. മര്‍ദ്ദനമേറ്റ് പന്ത്രണ്ടുവയസുകാരനാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ അലിഗര്‍ഹ് നദ്രോയ് ഗ്രാമത്തിലാണ് സംഭവം നടന്നത്.
ജന്മാഷ്ടമിയോടനുബന്ധിച്ചായിരുന്നു നദ്രോയ് ഗ്രാമത്തിലെ ചാമണ്ട ക്ഷേത്രം അലങ്കരിച്ചത്. ഇത് കണ്ട കുട്ടി അലങ്കരിച്ച ബലൂണില്‍ തൊടുകയായിരുന്നു. തുടര്‍ന്ന് ക്ഷേത്രത്തിനകത്ത് നിന്നും അഞ്ച് പേര് ഇറങ്ങി വരുകയും കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു എന്ന് സംഭവത്തില്‍ ദൃക്സാക്ഷിയും മരിച്ച കുട്ടിയുടെ സുഹൃത്തുമായ സൂരജ് പറഞ്ഞു. ബലൂണില്‍ തൊട്ടയുടനെ ബലൂണ്‍ പൊട്ടുകയായിരുന്നു.
കയ്യും കാലും പിടിച്ചുകെട്ടി വയറില്‍ ശക്തമായി അടിക്കുകയായിരുന്നു. ഇതു കണ്ട സൂരജ് കുട്ടിയുടെ അമ്മയെ വിവിരം അറിയിക്കുകയും ചെയ്തു. അമ്മ സാവിത്രി ദേവി ക്ഷേത്രത്തിലെത്തിയപ്പോള്‍ മകന് നിലത്ത് അവശനായി വീണുകിടക്കുന്നതാണ് കാണുന്നത്. ഉടന്‍ തന്നെ കുട്ടിയെ വീട്ടിലെത്തിക്കുകയും ചെയ്തു. ഇതിനു ശേഷം കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും 12.30 ന് മരിക്കുകയായിരുന്നു.
ഗ്രാമത്തലവനായ ശ്യാം സുന്ദര്‍ ഉപാധ്യയോട് കുട്ടിയുടെ അമ്മ പരാതിപ്പെട്ടെങ്കിലും സംഭവം ഗൗരവത്തേടെ എടുക്കാന്‍ അദ്ദേഹം കൂട്ടാക്കിയില്ലെന്ന് കുട്ടിയുടെ അമ്മ സാവിത്രി പറഞ്ഞു. കൂലിവേല ചെയ്താണ് സാവിത്രി കുടുംബം പുലര്‍ത്തുന്നത്. സാവിത്രിയുടെ ഭര്‍ത്താവ് എട്ട് വര്‍ഷത്തിന് മുമ്പ് മരിച്ചുപോയതാണ്.






