ഹൈദരാബാദ്: ഹൈദരാബാദ് ഇരട്ടസ്ഫോടനക്കേസില്‍ രണ്ട് ഇന്ത്യന്‍ മുജാഹിദിന് പ്രവര്‍ത്തകര്‍ക്ക് വധശിക്ഷ. മറ്റൊരാള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷയും വിധിച്ചു. ഹൈദരാബാദ് സെക്കന്‍ഡ് അഡീഷണല്‍ മെട്രോപൊളിറ്റന്‍ സെഷന്‍സ് ജഡ്ജ് ടി. ശ്രീനിവാസ റാവുവാണ് വിധി പ്രസ്താവിച്ചത്. കേസിലെ മുഖ്യപ്രതി മുഹമ്മദ് അക്ബര്‍ ഇസ്മയില്‍ ചൗധരി, അനീഖ് ഷഫീഖ് സയിദ് എന്നിവര്‍ക്കാണ് വധശിക്ഷ ലഭിച്ചത്. മുഹമ്മദ് താരിഖ് അന്‍ജും എന്നയാള്‍ക്കാണ് ജീവപര്യന്തം ലഭിച്ചത്.
ഹൈദരാബാദിലെ ലുമ്പിനി പാര്‍ക്കിലും ഗോകുല്‍ ഛാത് ബന്ദറിലും 2007 ഓഗസ്റ്റ് 25നാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തില്‍ 44 പേര്‍ക്ക് ജീവന് നഷ്ടപ്പെടുകയും 50 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. തിരക്കേറിയ ഭക്ഷണശാലയിയിലും സെക്രട്ടറിയേറ്റിന് സമീപത്തെ പാര്‍ക്കിലുമാണ് സ്ഫോടനം നടന്നത്. കേസിലെ പ്രതികള്‍ കുറ്റക്കാരാണെന്ന് ഇക്കഴിഞ്ഞ ചൊവ്വാഴ്ച കോടതി കണ്ടെത്തിയിരുന്നു. പ്രതികള്‍ക്ക് ഡല്‍ഹിയില്‍ അഭയം നല്‍കിയതിനാണ് അനീഖ് ഷഫീഖ് സയിദിന് ജീവപര്യന്തം തടവുശിക്ഷ ലഭിച്ചത്.
മറ്റ് രണ്ട് പ്രതികളായ മുഹമ്മദ് സാദിഖ് ഇസ്റാര്, ഫറൂഖ് ഷറഫുദീന്‍ തര്‍കാഷ് എന്നിവരെ തെളിവുകളുടെ അഭാവത്തില്‍ വിട്ടയച്ചു.






