
തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസില്‍ പ്രതിയായ സരിത എസ്. നായരെ കാണാനില്ലെന്ന് പോലീസിന്റെ അമ്പരപ്പിക്കുന്ന റിപ്പോര്‍ട്ട്. കാറ്റാടിയന്ത്രത്തിന്റെ വിതരണാവകാശം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെന്ന കേസില്‍ സരിതയ്ക്കെതിരെ കോടതി നേരത്തെ അറസ്റ്റ് വാറന്റ് പുറപ്പെടുവിപ്പിച്ചിരുന്നു. എന്നാല്‍ വാറന്റ് നടപ്പിലാക്കാന്‍ സരിതയെ കാണാനില്ലെന്ന് വലിയതുറ പോലീസ് കോടതിയില്‍ റിപ്പോര്‍ട്ടു നല്കി.
പലതവണ കേസ് പരിഗണിച്ചപ്പോഴും പ്രതിയായ സരിത കോടതിയില്‍ ഹാജരായിരുന്നില്ല. ഇതേതുടര്‍ന്ന് പ്രതി എവിടെയെന്ന് അന്വേഷിക്കാന്‍ കോടതി വലിയതുറ പോലീസിനു നിര്‍ദേശം നല്‍കിയിരുന്നു. പിന്നാലെയാണ് പോലീസ് അതിവിചിത്ര റിപ്പോര്‍ട്ട് അജീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. കേസില്‍ സരിതയ്ക്കു പുറമെ ബിജു രാധാകൃഷ്ണന്, ഇന്ദിര ദേവി, ഷൈജു സുരേന്ദ്രന് എന്നിവരാണ് പ്രതികള്‍. നാലര ലക്ഷം രൂപ തട്ടിച്ചുവെന്നാണ് കേസ്.






