
കോഴിക്കോട്: ചാരക്കേസില്‍ സുപ്രീം കോടതിയില്‍ നിന്നുണ്ടായ വിധിയോടെ കെ.കരുണാകരന്റെ നിരപരാധിത്വം തെളിഞ്ഞുവെന്ന് മകനും കോണ്‍ഗ്രസ് എം.എല്‍.എയുമായ കെ.മുരളീധരന്. കരുണാകരനെ ചതിച്ചത് പി.വി നരസിംഹറാവുവാണെന്നും അദ്ദേഹം രാജിക്കു സമ്മര്‍ദ്ദം ചെലുത്തിയെന്നും മുരളീധരന് പറഞ്ഞു. നീതി കിട്ടാതെ മരിച്ചത് അച്ഛന് മാത്രമാണ്.
അച്ഛന് കടുത്ത മാനസികപീഡനം അനുഭവിച്ചു. നീതികിട്ടാതെ മരിച്ചത് അദ്ദേഹം മാത്രമാണ്. കരുണാകരനെതിരെ ഗൂഢാലോചന നടത്തിയതിനു തെളിവുകളില്ലെന്നു പത്മജയുടെ പ്രസ്താവന തള്ളിക്കൊണ്ട് മുരളീധരന് പറഞ്ഞു. കരുണാകരനെ നിലവില്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലുള്ള അഞ്ച് പേര് ഗൂഢാലോചന നടത്തിയെന്നായിരുന്നു പത്മജയുടെ പ്രതികരണം.
നമ്പി നാരായണന് ഇത് വൈകി കിട്ടിയ അംഗീകാരമാണെന്നും വിധിയെ സ്വാഗതം ചെയ്യുന്നുവെന്നും മുരളീധരന് പറഞ്ഞു. നമ്പി നാരായണന് 50 ലക്ഷം നഷ്ടപരിസാരം നല്‍കാനുള്ള വിധിയെ സ്വാഗതം ചെയ്യുന്നു. അന്ന് കുറ്റമാരോപിക്കപ്പെട്ടയാളുകളെല്ലാം ഇന്ന് സംശയത്തിന്റെ നിഴലില്‍ നിന്ന് പുറത്തുവന്നിരിക്കുന്നു. രമണ്‍ ശ്രീവാസ്തവ ഇന്ന് മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവാണ്. നീതി കിട്ടാതെ മരിച്ചത് കരുണാകരന് മാത്രമാണെങ്കിലും വിധിയില്‍ തൃപ്തിയുണ്ടെന്നും മുരളീധരന് വ്യക്തമാക്കി.
ജുഡീഷ്യല്‍ അന്വേഷണത്തില്‍ മൂന്ന് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുമ്പോള്‍ ഗൂഢാലോചന മുഴുവന്‍ പുറത്തുവരും. അതിനു മുന്‍പ് ആരാണ് ഇതു ചെയ്തതെന്ന് പറയുന്നത് ശരിയല്ല. അതിനു തെളിവുമില്ലെന്നും മുരളീധരന് വ്യക്തമാക്കി. രാജി സമ്മര്‍ദ്ദത്തിനു പിന്നില്‍ നരസിംഹ റാവുമാണ്. ബാബ്റി മസ്ജിദ് തകര്‍ച്ചയെ തുടര്‍ന്ന് ന്യൂനപക്ഷ വോട്ടുകള്‍ കോണ്‍ഗ്രസിന് നഷ്ടപ്പെടുത്തിയത് റാവു ആണെന്നും അദ്ദേഹത്തെ സ്ഥാനത്തുനിന്ന് മാറ്റണമെന്നും ആക്ഷേപമുണ്ടായിരുന്നു. റാവുവിന് പകരം മാധ്യമങ്ങളില്‍ വന്ന പേരുകളില്‍ കരുണാകരന്റെ പേരുമുണ്ടായിരുന്നു. മാധ്യമങ്ങളില്‍ വന്ന രണ്ടു പേരുകാരെ ഹവാല കേസില്‍ പെടുത്തി റാവു രാജിവയ്പ്പിച്ചു. കരുണാകരന്റെ പേരില്‍ ഒന്നും ലഭിക്കാതെ വന്നപ്പോള്‍ ചാരക്കേസില്‍ കുടുക്കുകയായിരുന്നു. റാവു കരുണാകരനെ ചതിക്കുകയായിരുന്നുവെന്നും മുരളീധരന് ചൂണ്ടിക്കാട്ടി.






