
ടോക്കിയോ: ജപ്പാനിലേക്ക് രണ്ട് ചുഴലിക്കാറ്റുകൾ സമീപിക്കുന്ന സാഹചര്യത്തിൽ രാജ്യത്ത് കനത്ത ജാഗ്രത പ്രഖ്യാപിച്ചു. ചുഴലിക്കാറ്റുകൾ എത്തുന്നതിന് മുൻപേ തന്നെ പല പ്രദേശങ്ങളിലും കാലവർഷം ശക്തമായതായി പ്രധാനമന്ത്രി സനെയ് തകെയ്ച്ചി അറിയിച്ചു. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ അടിയന്തര മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ ഭരണകൂടം നിർദേശം നൽകിയിട്ടുണ്ട്.
ചുഴലിക്കാറ്റുകളുടെ സ്വാധീനത്താൽ ജപ്പാനിലെ വിവിധ മേഖലകളിൽ ഇതിനോടകം തന്നെ മഴ ശക്തമായിട്ടുണ്ട്. ക്യുഷു മേഖലയിൽ ലെവൽ 4 മഴ മുന്നറിയിപ്പ് തുടരുന്നതിനൊപ്പം മണ്ണിടിച്ചിൽ ഭീഷണിയും നിലനിൽക്കുന്നു. കഗോഷിമ പ്രിഫെക്‌ചർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ രൂപപ്പെട്ട ‘ലീനിയർ പ്രെസിപ്പിറ്റേഷൻ ബാൻഡുകൾ’ ശക്തമായ മഴക്കും വെള്ളപ്പൊക്കത്തിനും വ്യാപക നാശനഷ്ടങ്ങൾക്കും ഇടയാക്കാമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.






