അന്തരിച്ച നടി സില്‍ക്ക് സ്മിതയുടെ ജീവിതം വീണ്ടും അഭ്രപാളിയിലേക്ക്. തമിഴ് സംവിധായകന് പാ രഞ്ജിത്താണ് സില്‍ക്കിന്റെ ജീവിതം വീണ്ടും തിരശീലയില്‍ എത്തിക്കുന്നത്. വെബ് സീരീസായാണ് പാ രഞ്ജിത്ത് സില്‍ക്കിന്റെ ജീവിതം പകര്‍ത്തുന്നത്. വെബ് സീരിസിന്റെ എഴുത്ത് ജോലികള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്ന് രഞ്ജിത്ത് ഫസ്റ്റ് പോസ്റ്റിന് നല്കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.
കാലയ്ക്ക് ശേഷം സംവിധാനം ചെയ്യുന്ന ഹിന്ദി ചിത്രത്തിന്റെ പണിപ്പുരയിലാണ് പാ രഞ്ജിത്ത്. വിഖ്യാത സംവിധായകന് മജീദ് മജീദി സംവിധാനം ചെയ്ത ബിയോണ്ട് ദ €ൗഡ്സ് എന്ന ചിത്രം നിര്‍മ്മിച്ച നമാ പിക്ചേഴ്സാണ് രഞ്ജിത്തിന്റെ ഹിന്ദി ചിത്രം നിര്‍മ്മിക്കുന്നത്. ഈ ചിത്രം പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ വെബ് സീരിസിന്റെ ജോലികള്‍ തുടങ്ങും. ഇപ്പോള്‍ പ്രീ പ്രൊഡക്ഷന്‍ നടന്നു കൊണ്ടിരിക്കുകയാണ്. കാസ്റ്റിംഗ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അതിന് ശേഷം നടക്കും.
സില്‍ക്ക് സ്മിതയുടെ ജീവിതം ഇതുവരെ പൂര്‍ണ തോതില്‍ തിരശീലയില്‍ എത്തിയിട്ടില്ലെന്ന് പാ രഞ്ജിത്ത് പറഞ്ഞു. ഇതാണ് നടിയുടെ ജീവിതം ആസ്പദമാക്കി സീരീസ് നിര്‍മ്മിക്കാന്‍ തീരുമാനിച്ചതെന്ന് രഞ്ജിത്ത് വ്യക്തമാക്കി. ഡേര്‍ട്ടി പിക്ചര്‍ അടക്കം നിരവധി സിനിമകള്‍ സില്‍ക്കിന്റെ ജീവിതം ആസ്പദമാക്കി നിര്‍മ്മിച്ചിട്ടുണ്ടെങ്കിലും അവയെല്ലാം നടിയുടെ ജീവിതത്തിന്റെ ഏതെങ്കിലും ഭാഗങ്ങള്‍ ചിത്രീകരിച്ചവയാണെന്നും രഞ്ജിത്ത് പറഞ്ഞു.
ആമസോണ്‍ പ്രൈമോ നെറ്റ്ഫ്ളിക്സോ ഏത് കമ്പനിയാണ് വെബ് സീരിസ് പ്രദര്‍ശിപ്പിക്കുന്നതെന്ന് വ്യക്തമായിട്ടില്ല. തമിഴില്‍ നിര്‍മ്മിക്കുന്ന സീരീസ് ഹിന്ദിയിലേക്കും തെലുങ്കിലേക്കും ഡബ്ബ് ചെയ്യും.






