
കോട്ടയം: ഫ്രാങ്കോ മുളയ്ക്കലിനെ മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്ന പൊലീസിന്റെ അപേക്ഷയിലും ബിഷപ്പിന്റെ അഭിഭാഷകര്‍ സമര്‍പ്പിച്ചിട്ടുള്ള ജാമ്യഹര്‍ജിയിലും ഉച്ചയ്ക്കു ശേഷം വിധി പറയും. ജാമ്യാപേക്ഷയിലും കസ്റ്റഡി അപേക്ഷയിലും ഉടന്‍ തീരുമാനമുണ്ടാകണമെന്ന് പൊലീസും പ്രതിഭാഗവും കോടതിയില്‍ ആവശ്യപ്പെട്ടു.
കേസില്‍ വാദം കേട്ട ശേഷം ഫ്രാങ്കോ മുളയ്ക്കലിനോട് എന്തെങ്കിലും പറയാനുണ്ടോ എന്ന് ചോദിച്ചപ്പോഴാണ് തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നും തന്റെ ഉമിനീരും രക്തവും ബലം പ്രയോഗിച്ച് എടുത്തു എന്നും ബിഷ്പ്പ് കോടതിയില്‍ പറഞ്ഞത്. ജൂണ്‍ 17ന് നല്കിയ പരാതിയില്‍ 84-ാം ദിവസമായ ഇന്നലെയായിരുന്നു ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. വൈക്കം ഡിവൈഎസ്പി സുഭാഷിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിനൊടുവില്‍ ബിഷപ്പിനോട് ഹാജരാകാന്‍ ആവശ്യപ്പെടുകയായിരുന്നു.






