ന്യൂഡല്‍ഹി: റഫാല്‍ ഇടപാടില്‍ വെട്ടിലായ കേന്ദ്രസര്‍ക്കാരിനെ വീണ്ടും പ്രതിരോധത്തിലാക്കി ബി.ജെ.പി നേതാവ് മുരളീ മനോഹര്‍ ജോഷി അധ്യക്ഷനായ പാര്‍ലമെന്ററി സമിതി. കോര്‍പ്പറേറ്റുകളുടെ കിട്ടാക്കടം തിരിച്ചു പിടിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ എന്തു ചെയ്തുവെന്ന് മുരളീ മനോഹര്‍ ജോഷി നയിക്കുന്ന പാര്‍ലമെന്ററി സമിതി ചോദിച്ചു.
കോര്‍പ്പറേറ്റുകളില്‍ നിന്നു കിട്ടാനുള്ള കടം തിരിച്ചു പിടിക്കാന്‍ കൈക്കൊള്ളുന്ന നടപടികളുടെ വിശദവിവരം പാര്‍ലമെന്റ് സമിതിക്ക് മുന്‍പാകെ സമര്‍പ്പിക്കാന്‍ സമിതി നിര്‍ദ്ദേശിച്ചു. കിട്ടാക്കടം തിരിച്ചു പിടിക്കാനുള്ള കമ്പനികളുടെ പട്ടിക അടങ്ങിയ സമഗ്ര വിവരം നല്‍കാനാണ് നിര്‍ദ്ദേശം.
കിട്ടാക്കടം നല്‍കാനുള്ള കോര്‍പ്പറേറ്റുകളുടെ വിവരങ്ങള്‍ റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം പ്രധാനമന്ത്രിയുടെ ഓഫീസിന് കൈമാറിയിരുന്നു. രഘുറാം രാജന് കൈമാറിയ രേഖകളില്‍ എന്തു നടപടിയാണ് പ്രധാനമന്ത്രിയുടെ ഓഫീസ് സ്വീകരിച്ചതെന്നും സമിതി ചോദിച്ചു. കല്‍ക്കരി, വൈദ്യുതി മന്ത്രാലയങ്ങള്‍ക്കും സമിതി നോട്ടീസ് അയച്ചു. ഈ മേഖലയില്‍ നിഷ്ക്രിയ ആസ്തിയുള്ള കുത്തക കമ്പനികളുടെ വിശദാംശങ്ങള്‍ സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്.






