
ന്യൂഡല്‍ഹി: ഏഷ്യാകപ്പില്‍ തകര്‍പ്പന്‍ പ്രകടനവുമായി ഇന്ത്യ കുതിക്കുകയാണ്. ചിരവൈരികളായ പാകിസ്താനെ പരമ്പരയില്‍ ഇപ്പോള്‍ രണ്ട് പ്രാവശ്യം ഇന്ത്യ തോല്‍പ്പിച്ച് കഴിഞ്ഞു. സൂപ്പര്‍ഫോര്‍ മത്സരത്തില്‍ പാകിസ്താനെ പരാജയപ്പെടുത്തിയ ഇന്ത്യന്‍ ടീമിന് അഭിനന്ദനവുമായി നായകന് വിരാട് കോഹ്ലി രംഗത്തെത്തി.
ഇനിയും മുന്നോട്ടും ഉയരങ്ങളിലേക്കും കുതിക്കട്ടെയെന്ന് ആശംസിക്കുന്നു എന്നായിരുന്നു കോഹ്ലിയുടെ പ്രതികരണം. ധവാന്റെയും രോഹിത് ശര്‍മ്മയുടെയും ചിത്രങ്ങള്‍ സഹിതമായിരുന്നു കോഹ്ലിയുടെ പ്രതികരണം. ട്വിറ്ററിലൂടെയായിരുന്നു കോഹ്ലി പ്രതികരിച്ചത്.
ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം വിരാട് കോഹ്ലിക്ക് വിശ്രമം അനുവദിച്ചിരുന്നു. ഇതോടെ ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ ടീമിനെ നയിക്കാന്‍ രോഹിത് ശര്‍മ്മയെ നിയോഗിച്ചത്. രോഹിതിന്റെ ക്യാപ്റ്റന്‍സിയില്‍ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യ കാഴ്ച വയ്ക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പര്‍ ഫോറിലും ചിരവൈരികളായ പാകിസ്താനെ ഇന്ത്യ തകര്‍ത്തു.
സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ പാകിസ്താനെതിരെ ഒമ്പത് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ഇന്ത്യന്‍ ബൗളര്‍മാരുടെയും ഓപ്പണര്‍ ബാറ്റ്സ്മാന്മാരുടെയും തകര്‍പ്പന്‍ പ്രകടനത്തിലായിരുന്നു ഇന്ത്യയുടെ ജയം. ഇന്ത്യന്‍ ബൗളര്‍മാര്‍ പാകിസ്താനെ നിശ്ചിത ഓവറില്‍ 237 റണ്‍സില്‍ ഒതുക്കി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ വിജയം നേടി.
ഇന്ത്യയ്ക്കായി ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനും സെഞ്ചുറി നേടി. രോഹിത് ശര്‍മ്മ 111(119) റണ്‍ നേടി പുറത്താകാതെ നിന്നും. ധവാന് 114(100) റണ്‍സിന് പുറത്തായി. ധവാന് പുറത്തായെങ്കിലും പിന്നീടെത്തിയ അമ്പട്ടി റായുഡു12(18)വിനെ കൂട്ട് പിടിച്ച് രോഹിത് ഇന്ത്യയെ വിജയത്തിലേത്തിക്കുകയായിരുന്നു.






