
നാല്‍പ്പത് വര്‍ഷം മുമ്പ് കാണാതായ മനുഷ്യന്റെ ഭൗതീകാവശിഷ്ടം കണ്ടെത്താന്‍ സഹായിച്ചത് വയറ്റിനുള്ളില്‍ നിന്നും കിളിര്‍ത്ത് കയറിയ അത്തിമരം. 1974 ല്‍ നടന്ന ഗ്രീക്ക് - ടര്‍ക്കിഷ് സൈപ്രിയറ്റുകളുടെ യുദ്ധത്തിനിടെ കൊല്ലപ്പെട്ട അഹമ്മദ് ഹെര്ഗുണേയുടെ മൃതദേഹമാണ് കണ്ടെത്തിയത്. അത്തിപ്പഴത്തിന്റെ കുരു വയറ്റില്‍ കിടന്നുതന്നെ കിളിര്‍ക്കുകയും വന്‍ മരമായി വളരുകയും ചെയ്തു. 44 വര്‍ഷത്തോളം നടന്ന തെരച്ചിലിന് ഒടുവില്‍ വിരാമമായത് അസാധാരണമായ ഒരു പ്രദേശത്ത് അസാധാരണമായി വളര്‍ന്ന മരം നല്കിയ കൗതുകമായിരുന്നു.
യുദ്ധത്തിനിടയില്‍ ഇയാളും മറ്റു രണ്ടു കൂട്ടാളികളും ഒളിക്കാനായി ഗുഹയില്‍ കയറിയപ്പോള്‍ ശത്രുക്കള്‍ ഗുഹയ്ക്കകത്തേക്ക് ഡൈനാമിറ്റ് എറിഞ്ഞു. ഇത് ഉരുണ്ട് ഒരു വിടവില്‍ ചെന്നുവീണ ശേഷമായിരുന്നു സ്ഫോടനമുണ്ടായത്. പിന്നീട് വെള്ളപ്പൊക്കം ഉണ്ടായപ്പോള്‍ ഈ വിടവിലേക്ക് വെള്ളം കയറുകയും അഹമ്മദിന്റെ വയറ്റില്‍ എത്തിയ അത്തിക്കുരു കിളിര്‍ത്ത് പിന്നീട് മരമായി വളരുകയുമായിരുന്നു. യുദ്ധത്തില്‍ രണ്ടു ലക്ഷത്തോളം പേര്‍ക്കാണ് സ്ഥാനഭ്രംശം സംഭവിച്ചത്. ശേഷം അഹമ്മദിന്റെ മൃതദേഹത്തിനായി ഏറെ തെരച്ചിലുകളും വീട്ടുകാര്‍ നടത്തി.






