
ദുബായ്: വീണ്ടും ബംഗ്ലാ കടുവകളുടെ പല്ലൊടിച്ച് ഇന്ത്യ ഏഷ്യ കപ്പ് രാജാക്കന്മാരായിരിക്കുകയാണ്. കണ്ണിമവെട്ടാതെ ക്രിക്കറ്റ് ആരാധകര്‍ കണ്ടിരുന്ന മത്സരം. ഒരു ഫൈനല്‍ എന്ന നിലയില്‍ എല്ലാ രീതിയിലും ത്രില്ലടിപ്പിച്ച മത്സരത്തില്‍ അവസാന പന്തിലായിരുന്നു ഇന്ത്യന്‍ ജയം. 223 വിജയ ലക്ഷ്യവുമായി ബാറ്റ് വീശിയ ഇന്ത്യയുടെ ജയം മൂന്ന് വിക്കറ്റുകള്‍ക്കായിരുന്നു. 48 റണ്‍ നേടിയ നായകന് രോഹിത് ശര്‍മ്മയായിരുന്നു ഇന്ത്യയുടെ ടോപ് സ്കോറര്‍.
ഓപ്പണിംഗില്‍ 100ല്‍ അധികം റണ്‍ സമ്മാനിച്ചിരുന്ന രോഹിതിനും ശിഖര്‍ ധവാനും ഇക്കുറി പിഴച്ചു. ടീം ടോട്ടല്‍ 35 റണ്‍സില്‍ നില്‍ക്കവെ ധവാന് പുറത്ത്. 15 റണ്‍സെടുത്ത ധവാനെ നസ്മുള്‍ ഇസ്ലാം സൗമ്യ സര്‍ക്കാരിന്റെ കൈകളില്‍ എത്തിക്കുകയായിരുന്നു. വണ്‍ഡൗണായി ക്രീസിലെത്തിയ അമ്പട്ടി റായിഡുവിനെ നിലയുറപ്പിക്കാന്‍ ബംഗ്ലാ ബൗളര്‍മാര്‍ അനുവദിച്ചില്ല. രണ്ട് റണ്‍ നേടിയ റായുഡുവിനെ മഷ്റഫെ മോര്‍ത്താസ പുറത്താക്കി. പിന്നീടെത്തിയ ദിനേശ് കാര്‍ത്തികിനെ കൂട്ടുപിടിച്ച് രോഹിത് ഇന്ത്യ തകര്‍ച്ചയില്‍ നിന്നും കരകയറ്റി വന്നപ്പോള്‍ റൂബല്‍ ഹൊസൈന്‍ വീണ്ടും ഞെട്ടിച്ചു.
റൂബല്‍ എറിഞ്ഞ ഷോട്ട് ബോളില്‍ സിക്സര്‍ പറത്താന്‍ ശ്രമിച്ച രോഹിതിന് പിഴച്ചു. 55 പന്തില്‍ മൂന്ന് സിക്സും മൂന്ന് ഫോറും സഹിതം 48 റണ്‍ നേടി രോഹിതും പുറത്ത്. പിന്നീടെത്തിയ എം.എസ് ധോണിയും ദിനേശ് കാര്‍ത്തിക്കും ചേര്‍ന്ന് ഇന്ത്യയെ തകര്‍ച്ചയില്‍ നിന്നും കരകയറ്റി. എന്നാല്‍ 37 റണ്‍ നേടിയ കാര്‍ത്തിക്കിനെ മുഹമ്മദുല്ല വീഴ്ത്തി. ടീം ടോട്ടല്‍ ഈ സമയം 137 ആയിരുന്നു. 67 പന്തില്‍ 36 റണ്‍ നേടിയ ധോണി കൂടി പുറത്തായതോടെ ഇന്ത്യ തോല്‍വി മണത്തു.
പിന്നാലെ പരുക്ക് പറ്റിയ കേദാര്‍ ജാദവ് 19 റണ്‍സുമായി പവലിയനിലേക്ക് മടങ്ങി. എന്നാല്‍ പ്രതീക്ഷ കൈവിടാന്‍ ഇന്ത്യന്‍ ആരാധകര്‍ തയ്യാറായിരുന്നില്ല. ഭുവനേശ്വര്‍ കുമാറിനെ കൂടെക്കൂട്ടി ജഡേജ ഇന്ത്യയെ നയിച്ചു. എന്നാല്‍ 48-ാം ഓവറിലെ ആദ്യ പന്തില്‍ റൂബലിനു മുന്നില്‍ ജഡേജ(23) വീണു. പിന്നീട് പരുക്ക് പറ്റിപ്പോയ കേദാര്‍ ജാദവ് തിരികെ എത്തിയെങ്കിലും അടുത്ത ഓവറില്‍ ഭുവനേശ്വര്‍ കുമാറിനെ(21) മുസ്താഫിര്‍ പുറത്താക്കി. അവസാന ഓവറില്‍ ആറ് റണ്‍സ് ജയിക്കാന്‍ വേണ്ടിയിരുന്ന ഇന്ത്യയെ വിജയത്തിലെത്തിച്ചത് പരുക്കുമായി കളത്തിലിറങ്ങിയ കേദാര്‍ ജാദവായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനു വേണ്ടി ഓപ്പണര്‍ ലിന്റണ് ദാസ് തകര്‍പ്പന്‍ സെഞ്ചുറിയാണ് നേടിയത്. ആദ്യ ഏകദിന സെഞ്ചുറി നേടിയ ലിന്റണ് ദാസ് 117 പന്തില്‍ 121 റണ്‍സ് നേടി. മറ്റാര്‍ക്കും സ്ഥിരത കണ്ടെത്താനാകാതെ വന്നേതോടെ ബംഗ്ലാദേശിന്റെ പോരാട്ടം 48.3 ഓവറില്‍ 222 റണ്‍സില്‍ അവസാനിച്ചു. 120 റണ്‍സിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടിലെ തകര്‍പ്പന്‍ തുടക്കം പിന്നീട് തുടരാന്‍ ബംഗ്ലാദേശിന് സാധിക്കാതെ വന്നതോടെയാണ് ടീം ടോട്ടല്‍ 222ല്‍ ഒതുങ്ങിയത്. ഇന്ത്യയ്ക്കായി കുല്‍ദീപ് യാദവ് മൂന്നും കേദാര്‍ ജാദവ് രണ്ടും വിക്കറ്റുകള്‍ നേടി.






