
ഉപയോക്താക്കളുടെ ഫോണ്‍ നമ്പറുകള്‍ പരസ്യക്കമ്പനികള്‍ക്കും നല്‍കാറുണ്ടെന്ന് സോഷ്യല്‍ മീഡിയ കമ്പനി ഫേസ്ബുക്ക്. ടെക്നോളജി വെബ്സൈറ്റ് ഗിസ്മോഡോ റിപ്പോര്‍ട്ട് അനുസരിച്ച് ഇത് അമേരിക്കയിലെ രണ്ട് സര്‍വകലാശാലകള്‍ നടത്തിയ പഠനത്തിലാണ് പുറത്തായത്. അമേരിക്കയിലെ ബോസ്റ്റണ്‍ നഗരത്തിലുള്ള നോര്‍ത്തീസ്റ്റേണ്‍ യൂണിവേഴ്സിറ്റി, ന്യൂ ജഴ്സിയിലെ പ്രിന്‍സ്ടണ്‍ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലാണ് പഠനം നടന്നത്. മുൻപ് ഫേസ്ബുക്കിക്ക് നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ ക്യാംബ്രിഡ്ജ് അനാലിറ്റിക്കയ്ക്ക് കൈമാറിയിത് വലിയൊരു വിഷയമായിരുന്നു.
ഫേസ്ബുക്കിൽ സുരക്ഷയുടെ പേരില്‍ രണ്ട് ഘട്ടമായി ഉപയോക്താക്കളെ ലോഗിന്‍ ചെയ്യാന്‍ അനുവദിക്കുന്ന സംവിധാനം ഉണ്ട്. ഫേസ്ബുക്ക് ഒരു രഹസ്യ കോഡ് ഉപയോക്താവിന്റെ ഫോണിലേക്ക് അയച്ചു തരികയും അത് കൃത്യമായാല്‍ മാത്രം ലോഗിന്‍ അനുവദിക്കുകയും ചെയ്യുന്നതാണ് ഈ രീതി. ഫേസ്ബുക്ക് ഈ ഫോണ്‍ നമ്പര്‍ ആണ് പരസ്യദാതാക്കള്‍ക്ക് കൈമാറിയതായി കുറ്റസമ്മതം നടത്തിയത് - വാര്‍ത്ത ഏജന്‍സി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.
പഠനം പ്രകാരം ഫോണിലെ കോണ്ടാക്റ്റ് ഫേസ്ബുക്കുമായി സിങ്ക് ചെയ്യുന്നവരും പരസ്യക്കാരെ സഹായിക്കുന്നുണ്ട്. ഈ വിവരങ്ങളും ഉപയോക്താവ് അറിയാതെ ഫേസ്ബുക്ക് ഉപയോഗിക്കുകയാണ്. ഉപയോക്താക്കള്‍ക്ക് കൂടുതല്‍ വ്യക്തിഗതമായ പരിചരണം നല്‍കുന്നതിനാണ് നമ്പറുകള്‍ ഉപയോഗപ്പെടുത്തുന്നതെന്നാണ് ഫേസ്ബുക്ക് പറയുന്നത്.






