ഹൈദരാബാദ്: തെലുങ്കാന സര്‍ക്കാരും ഭരണകക്ഷിയായ ടിആര്‍എസും ഓര്‍ഡര്‍ കൊടുത്തത് 95 ലക്ഷം സാരികള്‍ക്ക്. ഇതില്‍ 50 ലക്ഷം എത്തികഴിഞ്ഞു. ബാക്കിയുള്ള 45 ലക്ഷം ഉടന്‍ എത്തും. ഈ സാരികള്‍ എന്തുചെയ്യണമെന്ന് അറിയാതെ പെട്ടിരിക്കുകയാണ് ഇവരിപ്പോള്‍.
കാലാവധി തികയാന്‍ കാക്കാതെ തിരഞ്ഞെടുപ്പ് നേരത്തെയാക്കി വിജയം കൊയ്യാമെന്ന് പ്രതീക്ഷയില്‍ വോട്ടര്‍മാരെ കൈയിലെടുക്കാന്‍ പാരിതോഷികങ്ങളും പ്രഖ്യാപനങ്ങളുമായി തയ്യാറെടുത്തിരിക്കുകയായിരുന്നു സര്‍ക്കാര്‍. അതിനിടയിലാണ് കാലാവധി പൂര്‍ത്തിയാക്കാതെ നിയമസഭ പിരിച്ചുവിട്ടാലും അന്ന് മുതല്‍ പെരുമാറ്റ ചട്ടം നിലവില്‍ വരുമെന്ന ഉത്തരവ് തിരഞ്ഞെടുപ്പ് കമ്മീഷന് പുറത്തിറക്കിയത്.
280 കോടി രൂപയാണ് 95 ലക്ഷം സാരിക്കായി സര്‍ക്കാര്‍ ചിലവിട്ടത്. സിര്‍സിലിയ ടെക്സ്റ്റൈല്‍ സ്ഥാപനത്തില്‍ നിന്നാണ് സാരി വാങ്ങിയത്. പാവപ്പെട്ട സ്ത്രീകള്‍ക്ക് നവരാത്രിയോട് അനുബന്ധിച്ച് ഉത്സവസമയത്ത് വിതരണം ചെയ്യാനായിരുന്നു പദ്ധതി. സാരികളുടെ എക്സിബിഷന് മുഖ്യമന്ത്രിയുടെ മകന് കെ.ടി രാമറാവു ഉദ്ഘാടനം ചെയ്ത് മണിക്കൂറുകള്‍ക്കുള്ളിലാണ് പെരുമാറ്റ ചട്ടം നിലവില്‍ വന്നത്.
ബാക്കി വരാനുള്ള 45 ലക്ഷം സാരികള്‍ ഒക്ടോബര്‍ 10ന് എത്തും.ഒക്ടോബര്‍ 12നാണ് ഇത് വിതരണം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നത്. 57 ലക്ഷം കര്‍ഷകര്‍ക്കായി പ്രഖ്യാപിച്ച റിതു ബന്ദു പദ്ധതിയേയും ഉത്തരവ് ബാധിക്കും. സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ച ഈ പദ്ധതി പ്രകാരം 11,000 ഗ്രാമങ്ങളിലെ 57 ലക്ഷം കര്‍ഷകര്‍ക്ക് ഏക്കര്‍ ഒന്നിന് 4000 രൂപ വീതം റാബി സീസണ് മുമ്പ് വിതരണം ചെയ്യുന്നതായിരുന്നു പദ്ധതി.
ഇത് നേരത്തെ പ്രഖ്യാപിച്ച പദ്ധതികളായതിനാല്‍ നടപ്പിലാക്കാന്‍ അനുവദിക്കണമെന്ന അപേക്ഷ സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയിട്ടുണ്ട്.






