മലേഷ്യ: ഏഷ്യാകപ്പ് ഫുട്ബോള്‍ ക്വാര്‍ട്ടറില്‍ ഇന്ത്യന്‍ അണ്ടര്‍ 16 ടീം പൊരുതി തോറ്റു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഇന്ത്യ ദക്ഷിണ കൊറിയയോട് പരാജയപ്പെട്ടത്. അതിശക്തരായ ദക്ഷിണ കൊറിയക്കെതിരെ കളിയില്‍ ഉടനീളം മിക്കച്ച പ്രകടനമാണ് ഇന്ത്യ കാഴ്ച്ചവച്ചത്. ഒരു ഗോളിന്റെ തോല്‍വി വഴങ്ങിയെങ്കിലും മലേഷ്യയില്‍ നിന്ന് ഇന്ത്യന്‍ ടീമിന് തലയുയര്‍ത്തി തന്നെ മടങ്ങാം. ടൂര്‍ണമെന്റില്‍ ഇന്ത്യ വഴങ്ങിയ ആദ്യ ഗോളുമായിരുന്നു ഇത്. കളിയുടെ 67ആം മിനുട്ടില്‍ ആയിരുന്നു കൊറിയയുടെ വിജയമുറപ്പിച്ച ഗോള്‍ പിറന്നത്.
കളിയില്‍ ഭൂരിഭാഗം സമയവും കൊറിയന്‍ അറ്റാക്ക് തന്നെ ആയിരുന്നു കണ്ടത്. ഇന്ത്യയേക്കാണ് ഏറെ മികച്ച ടീമാണ് ദക്ഷിണ കൊറിയ. ഇറാഖിനെയും ഓസ്ട്രേലിയയെയും ഒക്കെ അനായാസം ഗ്രൂപ്പ് ഘട്ടത്തില്‍ പരാജയപ്പെടുത്തിയ ദക്ഷിണ കൊറിയക്ക് ഇന്ന് വിജയിക്കാന്‍ നന്നായി വിയര്‍ക്കേണ്ടി വന്നു എന്ന് പറയാം. ഡിഫന്‍സിലെ പ്രധാന താരമായ യുമ്നം ഇല്ലാതെ ആയിരുന്നു ഇന്ത്യ ഇറങ്ങിയത്. എന്നിട്ടും ഇന്ത്യന്‍ ഡിഫന്‍സ് കൊറിയന്‍ അറ്റാക്കിനോട് പൊരുതിനിന്നതും ഇന്ത്യന്‍ ഗോള്‍ കീപ്പര്‍ നീരജ് സിങീന്റെ സേവുകളും കളം നിറഞ്ഞപ്പോള്‍ ആദ്യപകുതിയില്‍ ദക്ഷിണകൊറിയക്ക് ഗോള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല.
ഗ്രൂപ്പ് ഘട്ടത്തില്‍ മൂന്ന് മത്സരങ്ങളില്‍ നിന്ന് 12 ഗോളടിച്ച കൊറിയയെ ഇന്ന് ഒരു ഗോളില്‍ ഒതുക്കുന്നതില്‍ ഇന്ത്യന്‍ ഗോള്‍ കീപ്പര്‍ നീരജും പ്രധാന പങ്കുവഹിച്ചു. നിരവധി സേവുകളാണ് ഇന്ന് നീരജ് നടത്തിയത്. ഇന്ത്യ വഴങ്ങിയ ഗോള്‍ വരെ ആദ്യം നീരജ് രക്ഷിച്ചെങ്കിലും റിബൗണ്ടാലായിരുന്നു ഗോള്‍വല കുലുങ്ങിയത്.
ഇന്ന് ജയിച്ചിരുന്നു എങ്കില്‍ അടുത്ത വര്‍ഷത്തെ അണ്ടര്‍ 17 ലോകകപ്പിന് യോഗ്യത നേടി ഇന്ത്യക്ക് ചരിത്രം കുറിക്കാമായിരുന്നു. അതിന് സാധിച്ചില്ല എങ്കിലും പരിശീലകന് ബിബിയാനോയ്ക്കും ഈ യുവനിരയ്ക്കും അഭിമാനത്തോടെ തന്നെ മലേഷ്യയില്‍ നിന്ന് മടങ്ങാം.പ്രതീക്ഷ നല്‍കുന്നതായിരുന്നു ഈ യുവനിരയുടെ പ്രകടനം. ക്വാട്ടര്ഫൈനിലെത്തിയ ഇന്ത്യന്‍ ടീമിന് സുനില്‍ ഛേത്രിയടക്കം നിരവധിപേരാണ് ആശംസകളുമായി എത്തിയത്.






