
കൊച്ചി: വിവാഹത്തിന് ശേഷവും മുന്‍ ബന്ധം തുടര്‍ന്ന യുവതിക്കും കുടുംബത്തിനും കാമുകനുമായി കുടുംബക്കോടതി വിധിച്ചത് 15 ലക്ഷം രൂപ നഷ്ടപരിഹാരം. എറണാകുളം മരട് സ്വദേശിയുടെ പരാതിയില്‍ പത്തനംതിട്ട കുടുംബക്കോടതിയുടേതാണ് വിധി. വഞ്ചന, മാനസീക പീഡനം, കുടുംബത്തിന്റെ അന്തസ് നശിപ്പിക്കല്‍ എന്നിവയാണ് കോടതി വിലയിരുത്തിയത്. വിവാഹബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തുന്ന മൂന്നാം കക്ഷിക്കെതിരെ കോടതിയെ സമീപിക്കാമെന്ന സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി.
തന്റെ വ്യക്തിജീവിതം തകര്‍ത്തെന്ന് ആരോപിച്ചാണ് യുവാവ് കോടതിയെ സമീപിച്ചത്. 2018 ല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഭാര്യയുടെ ബന്ധുക്കളും സുഹൃത്തും ചേര്‍ന്ന് വേണം നഷ്ടപരിഹാരം നല്‍കാന്‍. വിവാഹത്തിന് ശേഷവും ഭാര്യ മറ്റൊരാളുമായുള്ള ബന്ധം തുടര്‍ന്നത് തനി അപമാനമുണ്ടാക്കി അന്തസ്സ് നശിപ്പിച്ചു എന്നും പരാതിയില്‍ പറഞ്ഞു. യുവതിയുടെ മാതാവ്, സഹോദരന്മാര്‍, സുഹൃത്ത് എന്നിവര്‍ ചേര്‍ന്ന് ഹര്‍ജിക്കാരന്റെ വിവാഹജീവിതം തകര്‍ക്കാന്‍ ഗൂഡാലോചന നടത്തുകയും വലിയ പങ്ക് വഹിക്കുകയും ചെയ്തതായി കോടതി വിലയിരുത്തുകയായിരുന്നു.
പൊതുനഷ്ടപരിഹാരമായിട്ടാണ് 15 ലക്ഷം വിധിച്ചത്. ഹര്‍ജി നല്‍കിയ 2018 മുതലുള്ള ആറ് ശതമാനം പലിശയുംയും നല്‍കണം. വിവാഹസമയത്ത് വരന്റെ കുടുംബം നല്‍കിയ 32 ഗ്രാം സ്വര്‍ണ്ണാഭരണമോ നിലവിലെ വിപണിമൂല്യമോ ആറുശതമാനം പലിശ സഹിതം നല്‍കാനും വിധിയില്‍ പറയുന്നു. ഹര്‍ജിക്കാരന്റെയും യുവതിയുടേയും രണ്ടാം വിവാഹമായിരുന്നു ഇത്. വിവാഹത്തിന് ശേഷവും യുവതി പഴയ കാമുകനുമായി ബന്ധം തുടര്‍ന്നെന്നും വിവാഹത്തിന് മുമ്പും പിമ്പും ഗര്‍ഭഛിദ്രം നടത്തിയെന്നും പരാതിയില്‍ പറഞ്ഞിരുന്നു.






