പഞ്ച്കുള: ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹിമിന്് മറ്റൊരു കേസില്‍ ജാമ്യം ലഭിച്ചു. തന്റെ അനുയായികളെ വന്ധ്യംകരിച്ച കേസിലാണ് ഗുര്‍മീതിന് ജാമ്യം ലഭിച്ചത്. പഞ്ച്കുള പ്രത്യേക സി.ബി.ഐ കോടതിയാണ് ഗുര്‍മീതിന് ജാമ്യം അനുവദിച്ചത്. ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് ഗുര്‍മീത് സി.ബി.ഐ പ്രത്യേക കോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു.
അതേസമയം ജാമ്യം ലഭിച്ചുവെങ്കിലും ഗുര്‍മീതിന് ജയില്‍മോചിതനാകാന്‍ സാധിക്കില്ല. ബലാത്സംഗക്കേസില്‍ 20 വര്‍ഷം തടവുശിക്ഷ അനുഭവിച്ചു വരികയാണ് ഗുര്‍മീത്. ഈ കേസില്‍ ജാമ്യം ലഭിച്ചിട്ടില്ലാത്തതിനാല്‍ ഇയാള്‍ക്ക് പുറത്തിറങ്ങാനാകില്ല. ബലാത്സംഗക്കേസില്‍ ഗുര്‍മീത് റാം റഹീം കുറ്റക്കാരനാണെന്ന് കോടതി വിധിച്ചതിനെ തുടര്‍ന്ന് കലാപസമാനമായ സാഹചര്യമാണ് സംസ്ഥാനത്തുണ്ടായത്.






