
പൂനെ : രാജ്യത്തെ ആദ്യ തലയോട്ടി മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരം. വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ നാലു വയസ്സുകാരിയാണ് തലയോട്ടി മാറ്റിവെക്കല്‍ ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്ക് തിരിച്ചു വന്നുകൊണ്ടിരിക്കുന്നത്.
യു.എസില്‍ പ്രത്യേകമായി നിര്‍മ്മിച്ച പോളിഎഥിലിന്‍ അസ്ഥി ഉപയോഗിച്ചാണ് തലയോട്ടിയുടെ 60 ശതമാനവും മാറ്റിവെച്ചിരിക്കുന്നത്. പൂനെയിലെ ഭാരതി ആശുപത്രിയില്‍ ഡോ.വിശാല്‍ റോഖാഡേയുടെ നേതൃത്വത്തിലുള്ള സംഘമാണ് ശസ്ത്രക്രിയ നടത്തിയത്.
കഴിഞ്ഞ വര്‍ഷം മേയ് 31 ന് ഉണ്ടായ കാര്‍ അപകടത്തിലാണ് കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റത്. രണ്ട് പ്രധാന ശസ്ത്രക്രിയകള്‍ ഉടനടി നടത്തി. എന്നാല്‍, തലയ്ക്കു പിന്നില്‍ തലയോട്ടിക്ക് ഉണ്ടായ പൊട്ടലില്‍ അസ്ഥി വീണ്ടെടുക്കാനാകാത്ത വിധം നശിച്ചിരുന്നു. പൊട്ടല്‍ വീണ ഭാഗത്ത് കൂടി തലച്ചോറില്‍ നിന്നുള്ള ദ്രാവകം ഉള്ളില്‍ തന്നെ പടരുന്ന അവസ്ഥയും ഉണ്ടായി. ഇതിന് പരിഹാരമായി തലയോട്ടി മാറ്റിവെക്കലായിരുന്നു ഏകപോംവഴി. ശസ്ത്രക്രിയയ്ക്കു ശേഷം കുഞ്ഞ് ആശുപത്രി വിട്ടുവെന്നും സന്തോഷവതിയാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.






