ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടുവെന്ന് സൂചനകള്‍ ലഭിച്ചിരുന്നു. എന്നാല്‍ വെള്ളിയാഴ്ചയാണ് ഫേസ്ബുക്ക് ഹാക്കിങ്ങുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ പുറത്തുവിട്ടത്. ഫേസ്ബുക്ക് സ്ഥാപകനായ മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ അക്കൗണ്ടുവരെ ഹാക്ക് ചെയ്യപ്പെട്ടിരുന്നു. ഹാക്കിങ്ങിനെ തുടര്‍ന്ന് ലോകമെമ്പാടുമുള്ള ഒമ്പത് കോടി ഫേസ്ബുക്ക് ഉപയോക്താക്കളുടെ ഫേയ്സ്ബുക്ക് അക്കൗണ്ടുകള്‍ താനെ ലോഗ് ഔട്ട് ആയിരുന്നു.
കഴിഞ്ഞ മാസം ഫേയ്സ്ബുക്ക് വെളിപ്പെടുത്തിയ ഫേസ്ബുക്ക് ഹാക്കിങ്ങ് നേരിട്ട് ബാധിച്ചത് 2.9 കോടി ഉപയോക്താക്കളെയാണ്. 1.5 കോടിയോളം ഉപയോക്താക്കളുടെ പേരും കോണ്ടാക്റ്റ് വിവരങ്ങളും മോഷ്ടിക്കപ്പെട്ടു. കോണ്ടാക്റ്റ് വിവരങ്ങളില്‍ ഫോണ്‍ നമ്പറുകളും ഇമെയില്‍ അഡ്രസുകളും ഉള്‍പ്പെടുന്നു. ഇത്കൂടാതെ 1.4 കോടി ആളുകളെയാണ് ഹാക്കിങ്ങ് കാര്യമായി ബാധിച്ചത്. ഇവരുടെ പ്രൊഫൈലുമായി ബന്ധപ്പെട്ട വിവരങ്ങളും ചോര്‍ത്തപ്പെട്ടു. സെര്‍ച്ച് ഹിസ്റ്ററി, വിദ്യാഭ്യാസ പശ്ചാത്തലം, സ്ഥലം, ജനന തീയതി, അവര്‍ ഫോളോ ചെയ്യുന്ന ആളുകള്‍ ആരൊക്കെ, പേജുകള്‍ ഏതെല്ലാം തുടങ്ങിയ വിവരങ്ങള്‍ ഇതില്‍ പെടുന്നു.
കഴിഞ്ഞ മാസമാണ് ഫേസ്ബുക്ക് അക്കൗണ്ടുകളില്‍ വ്യാപകമായ സൈബര്‍ ആക്രമണം നടന്നുവെന്ന് ഫേസ്ബുക്ക് വെളിപ്പെടുത്തിയത്. ഫേസ്ബുക്ക് എപ്പോഴും ലോഗ്ഗ് ഇന്‍ ആയിരിക്കാന്‍ സഹായിക്കുന്ന 'ആക്സ്സ് ടോക്കന്‍' സംവിധാനത്തിലെ തകരാറാണ് ഹാക്കര്‍മാര്‍ മുതലെടുത്തത്. ഈ മാസം ആദ്യമാണ് അസാധാരണമായി ചില ഇടപെടലുകള്‍ ഫേസ്ബുക്കിന്റെ ശ്രദ്ധയില്‍ പെട്ടത്. വെള്ളിയാഴ്ചയാണ് എന്താണ് സംഭവമെന്ന് വ്യക്തമായത്. ഉടനെതന്നെ ആക്സ്സ് ടോക്കനുകളെല്ലാം ഫേസ്ബുക്ക് പിന്‍വലിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ലോഗിന്‍ ആയിക്കിടന്ന പല അക്കൗണ്ടുകളും ലോഗ് ഔട്ട് ആയത്.
എന്താണ് ഹാക്കര്‍മാരുടെ ഉദ്ദേശമെന്ന് വ്യക്തമല്ല. അമേരിക്കന്‍ ഇടക്കാല തിരഞ്ഞെടുപ്പുകള്‍ വരാനിരിക്കെ കഴിഞ്ഞ വര്‍ഷത്തെ പോലെ വീണ്ടുമൊരു സോഷ്യല്‍ മീഡിയ അട്ടിമറി ശ്രമത്തെയും സംശയിക്കുന്നുണ്ട്. എന്നാല്‍ അത്തരമൊരു സംശയത്തിന്റെ ആവശ്യമില്ലെന്നും അതിനുള്ള സൂചനയൊന്നുമില്ലെന്നുമാണ് ഫേസ്ബുക്കിന്റെ പ്രതികരണം. വിവര ചോര്‍ച്ചയും ഹാക്കിങ്ങ് പ്രവര്‍ത്തനങ്ങളും തുടര്‍ച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മുന്‍നിര ടെക്ക് കമ്പനികളും പ്രതിസന്ധിയിലായിരിക്കുകയാണ്.
ഇതിന്റെ ഭാഗമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിവിധ അന്വേഷണ ഏജന്‍സികളുമായി ഫേസ്ബുക്ക് സഹകരിക്കുന്നുണ്ട്. ഹാക്കര്‍മാരെ കുറിച്ച് പരസ്യ പ്രസ്താവനകള്‍ പാടില്ലെന്ന് അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ്ബിഐയുടെ നിര്‍ദ്ദേശമുണ്ട്. അമേരിക്കന്‍ തിരഞ്ഞെടുപ്പിലെ സോഷ്യല്‍ മീഡിയ അട്ടിമറിക്കും, കേംബ്രിജ് അനലിറ്റിക്ക വിവാദത്തിനും ശേഷം ഭരണാധികാരികളുടെ ചോദ്യത്തിന് വീണ്ടും ഉത്തരം പറയേണ്ട അവസ്ഥയിലാണ് കമ്പനികള്‍.






