ശബരിമല സ്ത്രീ പ്രവേശനത്തിന്റെ പേരില്‍ ആക്രമണങ്ങള്‍ അഴിച്ചുവിടുന്നവര്‍ക്കെതിരെ വിമര്‍ശനവുമായി അഭിഭാഷകനും പരിസ്ഥിതി പ്രവര്‍ത്തകനുമായ ഹരീഷ് വാസുദേവന്‍. വനത്തില്‍ പ്ലാസ്റ്റിക്ക് നിക്ഷേപിച്ചു വനത്തിലെ ആവസവ്യവസ്ഥ തകര്‍ക്കുന്നവര്‍ക്കെതിരെ ഇവര്‍ പ്രതികരിച്ചില്ല. മകരവിളക്കെന്ന പേരില്‍ പൊന്നമ്പലമേട്ടില്‍ തീനാളം കാണിച്ചു മാര്‍ക്കറ്റ് ചെയ്തു അയ്യപ്പഭക്തരെ പിടുങ്ങുന്ന ഏര്‍പ്പാടില്‍ തനിക്കു വിശ്വാസ ലംഘനം തോന്നിയിട്ടില്ല, അതുകൊണ്ട് തന്നെ രണ്ടാം തവണ ശബരിമലയില്‍ പോയശേഷം അങ്ങോട്ട് പോകാന്‍ തന്റെയുള്ളിലെ അവശേഷിക്കുന്ന ഭക്തന് എന്നെ അനുവദിച്ചിട്ടില്ല. പമ്പാ മാലിന്യമുക്തമാക്കുന്ന ശ്രമങ്ങള്‍ക്ക് കൂടി വേണ്ടി ഇനിയും ശബരിമലയില്‍ പോകുമെന്നും അദ്ധേഹം കുറിച്ചു. ശബരിമല തന്ത്രിയെന്ന ബോര്‍ഡ് ആദ്യമായി കാണുന്നത് ബാറിനുമുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറിലാണെന്നും പിന്നീട് തന്ത്രിയുടെ മുഖം കാണുന്നത് കൊച്ചിയിലെ ഫഌറ്റില്‍ ഒരു സ്ത്രീയോടൊപ്പം പിടിക്കപ്പെട്ട നിലയിലാണ് എന്നാല്‍ ഇത്തരക്കാര്‍ക്കെതിരെ പ്രതികരിക്കാന്‍ കഴിയാത്ത ഭക്തന്മാരോട് സഹാതാപം തോന്നുന്നുവെന്നും അദ്ധേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ :
ശബരിമല തന്ത്രി' എന്ന ബോര്‍ഡ് ഞാന്‍ ആദ്യമായി കാണുന്നത് 8 വയസ് ഉള്ളപ്പോഴാണ്. ചെങ്ങന്നൂര്‍ K-S-RT-C ബസ്സ്റ്റാന്‍ഡിന് അടുത്തുള്ള ബാറിന് മുന്നില്‍ റോഡില്‍ നിര്‍ത്തിയിട്ട ഒരു കാറില്‍. ബാറില്‍ നിന്ന് 2 കുപ്പിയുമായി ഇറങ്ങിവന്ന ഒരാളുടെ കയ്യില്‍ നിന്ന് കാറിന്റെ ചില്ലു തുറന്നു ഒരു താടിക്കാരന് ആ കുപ്പി അകത്തു വെച്ച്, സീന്‍ വിടുന്നു. ഒരു അയ്യപ്പക്ഷേത്രത്തില്‍ പൂജാരിയായ എന്റെ ബന്ധു അത് കാണിച്ചു തന്നിട്ട് അച്ഛനോട് പറയുന്നു 'ഇയാള്‍ക്കൊക്കെ ഇതിനു ഒരു ഒളിവും മറയും വെച്ചുകൂടെ, മാന്യമായി ഈ തൊഴില്‍ ചെയ്യുന്നവരെക്കൂടെ ഇയാള്‍ നാറ്റിക്കും'. അന്ന് തീര്‍ന്നതാ തിരുമേനി ആ ബഹുമാനം. പിന്നീടാ തന്ത്രിയുടെ മുഖം കാണുന്നത് കൊച്ചിയിലെ ഫഌറ്റില്‍ ഒരു സ്ത്രീയോടൊപ്പം പിടിക്കപ്പെട്ട നിലയില്‍, അത് കഴിഞ്ഞു ജസ്റ്റിസ്.പരിപൂര്‍ണനു മുന്പില്, മൂലമന്ത്രവും പുരുഷസൂക്തവും അറിയില്ല എന്ന് പറഞ്ഞ രീതിയില്‍, പത്രമാധ്യമങ്ങളില്‍ ആണ്. ഒരു ദിവസമെങ്കിലും ഇയാളൊക്കെ ആ ദേവന് പൂജ ചെയ്തിട്ടുണ്ടെങ്കില്‍, കുടുംബവാഴ്ചയുടെ പേരില്‍ ആ അധികാരം നിലനിര്‍ത്തുന്നുണ്ടെങ്കില്‍, അത് അംഗീകരിക്കുന്ന ഒരു വിശ്വാസസമൂഹം ആണെങ്കില്‍, അതില്‍ ഒരു ആചാരവിശ്വാസ ലംഘനവും തോന്നാത്ത വിശ്വാസികള്‍ ആണെങ്കില്‍, അവര്‍ എണ്ണത്തില്‍ എത്രകോടി ആളുകളാണെങ്കിലും അവരുടെ വിശ്വാസത്തിനോട് എനിക്ക് ബഹുമാനമല്ല, പുച്ഛവും സഹതാപവും ആണ് തോന്നുന്നത്. അവരെ അയ്യപ്പന് രക്ഷിക്കട്ടെ.
(അയാളെ സ്ഥാനത്ത് നിന്ന് മാറ്റാന്‍ ഒരു ഭക്തജനജപഘോഷയാത്രയും ഉണ്ടായില്ല, ദേവസ്വം ബോര്‍ഡും സര്‍ക്കാരുമാണ് തീരുമാനമെടുത്ത് മാറ്റിയത്)
കാനനവാസനാണ്, സമാധാനം ആഗ്രഹിച്ചാണ് വനത്തിനുള്ളില്‍ ഇരുന്നത് എന്നൊക്കെയാണല്ലോ വിശ്വാസം. കാടിനുള്ളില്‍ വെടിപൊട്ടിച്ചും പ്ലാസ്റ്റിക് ഇട്ടും ആനകളെയും പുലികളെയും അതുവഴി കൊന്നും, അവരുടെ ആവാസവ്യവസ്ഥ തകര്‍ത്തും, പമ്പയെ മാലിന്യപൂരിതമാക്കിയും, ഭക്തന്റെ സുഖങ്ങള്‍ക്ക് വേണ്ടി സന്നിധാനത്ത് വനം നശിപ്പിച്ച് കെട്ടിടങ്ങള്‍ കെട്ടിപ്പൊക്കിയും നിലനിര്‍ത്തുന്ന ആഘോഷിക്കപ്പെടുന്ന ഭക്തിയില്‍ ഒരു 'ഭക്തനും' ഒരു വിശ്വാസ ലംഘനവും തോന്നുന്നില്ല !!
മകരവിളക്കെന്ന പേരില്‍ പൊന്നമ്പലമേട്ടില്‍ തീനാളം കാണിച്ചു മാര്‍ക്കറ്റ് ചെയ്തു അയ്യപ്പഭക്തരെ പിടുങ്ങുന്ന ഏര്‍പ്പാടിലും ഒരു ഭക്തനും വിശ്വാസലംഘനം തോന്നുന്നില്ല !! (എനിക്ക് തോന്നിയിട്ടുണ്ട്. അതുകൊണ്ട് തന്നെ രണ്ടാം തവണ ശബരിമലയില്‍ പോയശേഷം അങ്ങോട്ട് പോകാന്‍ എന്റെയുള്ളിലെ അവശേഷിക്കുന്ന ഭക്തന് എന്നെ അനുവദിച്ചിട്ടില്ല. സന്നിധാനം തിരികെ കാനനമാക്കുന്ന പ്രക്രിയ പുരോഗമിച്ചശേഷം, പമ്പാ മാലിന്യമുക്തമാക്കുന്ന ശ്രമങ്ങള്‍ക്ക് കൂടി വേണ്ടി ഇനിയും ശബരിമലയില്‍ പോകും)
എങ്കിലത് ഹൃദയവിശുദ്ധിയുള്ള വിശ്വാസത്തില്‍ ഊന്നിയുള്ള ഭക്തിയല്ല മറിച്ച് സ്വാര്‍ത്ഥതയിലും ഹിസ്റ്റീരിയയിലും ഊന്നിയ ഒന്നാണ് എന്ന് പറയേണ്ടിവരും. അത് പരിഷ്കരിക്കപ്പെടേണ്ട ഒന്നാണ്. പരിഷ്കരിക്കേണ്ടത് വിശ്വാസ സാമൂഹമാണോ കോടതിയാണോ എന്നൊക്കെയുള്ള അക്കാദമിക് ചര്‍ച്ച ഭരണഘടനാ തത്വങ്ങള്‍ക്ക് അകത്ത് നിന്നേ നടക്കൂ, എല്ലാക്കാലവും അതേ നടന്നിട്ടുള്ളൂ. ആ ചര്‍ച്ച നടക്കട്ടെ.
എത്രയോ രജസ്വലകള്‍ ഇതിനു മുന്‍പും അയ്യപ്പദര്‍ശനം നടത്തിയിട്ടുണ്ട്, തകരുമായിരുന്നെങ്കില്‍ അയ്യപ്പസ്വാമിയുടെ നൈഷ്ഠികബ്രഹ്മചര്യം അന്ന് തകരണം. ഒരിക്കലല്ലേ അത് തകരൂ. വിശ്വാസത്തില്‍ വഞ്ചന പാടില്ല. തകര്‍ന്നുവെന്നു ഞാന്‍ വിശ്വസിക്കുന്നില്ല. ഞാന്‍ വിശ്വസിക്കുന്ന അയ്യപ്പസ്വാമി രാജസ്വലകളായ സ്ത്രീകളെ കണ്ടാല്‍ നിയന്ത്രണം പോകുന്ന ആളല്ല.
ശബരിമലയില്‍ നിലവിലെ സുപ്രീംകോടതി വിധി നടപ്പാക്കാനും, ദര്‍ശനത്തിനു എത്തുന്ന മുഴുവന്‍ ഭക്തര്‍ക്കും പോലീസ് സംരക്ഷണം കൊടുക്കാനും സംസ്ഥാനസര്‍ക്കാരിന് ബാധ്യത ഉണ്ട്. ഭക്തരെന്ന പേരില്‍ ചിലരുടെ വാഹനപരിശോധനയും തടയലും മറ്റും നിയമം കയ്യിലെടുക്കല്‍ ആണു. എത്രമേല്‍ കായികബലം ഉപയോഗിച്ചായാലും അവരെ യഥാവിധി അറസ്റ്റ് ചെയ്തു നീക്കി തടസം ഒഴിവാക്കി കൊടുക്കണം. നിലയ്ക്കലില്‍ ഇന്ന് അത് സര്‍ക്കാര്‍ ചെയ്തു തുടങ്ങി, നല്ലത്.
എന്നാല്‍ സ്ഥിതി വഷളാക്കുന്ന തരം റിപ്പോര്‍ട്ടിങ്ങും പ്രസ്താവനയുമായി രാഷ്ട്രീയ നേതൃത്വവും ചില ഒറ്റപ്പെട്ട മാധ്യമങ്ങളും ഇറങ്ങിയിട്ടുണ്ട്. സാമൂഹികാന്തരീക്ഷം തകര്‍ക്കുന്നതോ കലാപമുണ്ടാക്കുന്നതോ ആയ ഏത് തരം പ്രക്ഷേപണവും നിര്‍ത്താനും അത്തരം നീക്കങ്ങള്‍ തടയാനും, വേണ്ടിവന്നാല്‍ കരുതല്‍ തടങ്കലില്‍ വെയ്ക്കാനും സര്‍ക്കാരിനുള്ള അധികാരങ്ങള്‍ ഇത്തരം സമയങ്ങളില്‍ ഉപയോഗിക്കാനാണ്. അതെടുത്ത് ഉപയോഗിക്കണം. വിശ്വാസം എന്ന പേരില്‍ തോന്ന്യവാസം കാണിക്കുന്ന ഒരു സ്ത്രീയും ഒരു ദയയും അര്‍ഹിക്കുന്നില്ല. ഇത് അത്തരം പാവങ്ങളെ ശിഖണ്ഡിയായി മുന്നില്‍ നിര്‍ത്തി സംഘപരിവാര്ഡഉഎ ടീം കളിക്കുന്ന വിലകുറഞ്ഞ നാടകമാണ് എന്നത് ആര്‍ക്കും മനസിലാകും. അത് പറഞ്ഞാല്‍ മനസിലാകാതെ നാട്ടിലെ നിയമം കയ്യിലെടുക്കുന്നവര് ഇനി ജയിലില്‍ അയ്യപ്പഭജന നടത്തട്ടെ. കാരണം ഏതെങ്കിലും വിശ്വാസത്തിന്റെ പേരില്‍ ഇന്ന് നിയമവാഴ്ചയെ വെല്ലുവിളിക്കാന്‍ അനുവദിച്ചാല്‍ അത് അങ്ങേയറ്റം തെറ്റായ കീഴ്വഴക്കം ഉണ്ടാക്കും, അതനുവദിക്കരുത്.
ബഹു. സുപ്രീംകോടതിയുടെ വിധിയോട് വിയോജിപ്പുള്ളവര്‍ റിവ്യൂ ഹരജി കൊടുക്കട്ടെ, മാന്യമായി അത് പറയട്ടെ, സമാധാനപരമായി എവിടെയെങ്കിലും പ്രതിഷേധം നടത്തട്ടെ. അതിലപ്പുറം പോകുന്ന ഒന്നിനെയും ഒരു വിശ്വാസത്തിന്റെയും പേരില്‍ അനുവദിക്കരുത്. ന്യൂനപക്ഷത്തിന്റെ പോലും അവകാശം സംരക്ഷിക്കുന്നതാവണം ജനാധിപത്യം.






