തൂലാമാസ പൂജകള്‍ക്കായി തുറന്ന ശബരിമല നട ഇന്ന് അതയ്ക്കുകയാണ്. അഞ്ച് ദിവസം കൊണ്ട് പത്തിലധികം സ്ത്രീകളാണ് ശബരിമല സന്ദര്‍ശനത്തിനായി എത്തിയത്. ഇവരെല്ലാം സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് എത്തിയത്. എന്നാല്‍ ഇവര്‍ക്കെല്ലാം പ്രതിഷേധത്തെ തുടര്‍ന്ന് പാതിവഴിയില്‍ മടങ്ങേണ്ടിവരുകയായിരുന്നു. കോടതി വിധിക്ക് പിന്നാലെ ശബരിമലയില്‍ പോകാന്‍ തീരുമാനിച്ചതായി അറിയിച്ച് കോഴിക്കോട് സ്വദേശി സൂര്യ ദേവാര്‍ച്ചന രംഗത്തെത്തിയിരുന്നു. ശ്രീകണ്ഠേശ്വരം ക്ഷേത്രത്തില്‍ പോയി പ്രാര്‍ത്ഥനയോടെ പൂജാരി പൂജിച്ചു തന്ന മാലയിട്ട് വ്രതംനോറ്റ് തന്നെ മലക്ക് പോകാന്‍ തീരുമാനിച്ചുവെന്നും സൂര്യ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. എന്നാല്‍ പോസ്റ്റ് വന്നതോടെ സൂര്യക്ക് എതിരെ ശക്തമായ പ്രതിഷേധങ്ങളാണ് വന്നത്.
എന്നാല്‍ ഈ പ്രതിഷേധങ്ങള്‍ക്ക് മുന്നില്‍ ഭയപ്പെട്ട് പിന്മാറാന് ഇല്ലെന്നാണ് സൂര്യയുടെ നിലപാട്. ഫേസ്ബുക്ക് കുറിപ്പിലൂടെ സൂര്യ ഇത് വ്യക്തമാക്കുന്നു. ശബരിമലയില്‍ പോയി അയ്യപ്പനെ കാണാനുള്ള അവകാശം ഭരണഘടന തനിക്ക് നല്‍കുന്നുണ്ട്. ഇത് തന്റെ മൗലിക അവകാശമാണെന്നും സൂര്യ പറയുന്നു. ശബരിമലയിലേക്ക് ഇരുമുടിക്കെട്ടുമേന്തി ശരണം വിളിച്ചെത്തുന്ന അയ്യപ്പഭക്തകള്‍ക്ക് ദര്‍ശനം നടത്താനുള്ള അവസരവുംമ സുരക്ഷയും കേരള പോലീസ് ഒരുക്കണമെന്നും സൂര്യ ആവശ്യപ്പെടുന്നു. ഈ കാര്യത്തില്‍ സര്‍ക്കാരില്‍ വിശ്വസിക്കുന്നുവെന്നും അവര്‍ വ്യക്തമാക്കുന്നു.






