
കൊച്ചി : കാറപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഹനാന് തിരികെ ജീവിതത്തിലേയ്ക്ക്. എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ഡോ.ഹാരൂണിന്റെ ചികിത്സയിലായിരുന്നു ഹനാന്. ചികിത്സയും ഫിസിയോ തെറാപ്പി ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും ഒരുക്കിത്തന്ന ഡോക്ടറോടും ആശുപത്രിയോടും ചികിത്സയ്ക്ക് സഹായം ചെയ്ത സര്‍ക്കാരിനോടും നന്ദിയുണ്ടെന്ന് ഹനാന് പ്രതികരിച്ചു.
ഒന്നരമാസമെങ്കിലും ബെല്‍റ്റ് ഉപയോഗിക്കണമെന്ന് ഡോക്ടര്‍മാര്‍ കര്ശനമാിയി നിര്‍ദേശിച്ചിട്ടുണ്ട്. ഈ കാലയളവില്‍ നല്ല ശ്രദ്ധവേണം. ഹനാന് ഭാഗ്യമുള്ള കുട്ടിയാണെന്നും ഇത്രവേഗം രോഗം ഭേദമാകുന്നത് അപൂര്‍വമാണെന്നും ഡോക്ടര്‍ ഹാരൂണ്‍ പ്രതികരിച്ചിട്ടുണ്ട്.
കൊടുങ്ങല്ലൂരില്‍ ഉണ്ടായ അപകടത്തില്‍ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ ഹനാന് ഒന്നര മാസത്തെ ചികിത്സയ്ക്ക് ശേഷം തുടര്പരിശോധനയ്ക്കായി എത്തിയപ്പോഴാണ് നന്ദി അറിയിച്ച് പ്രതികരിച്ചത്. മീന്‍ കച്ചവടത്തിനായി വാങ്ങിയ പുതിയ വാഹനത്തിലാണ് തുടര്‍ പരിശോധനകള്‍ക്കായി ഹനാന് ആശുപത്രിയിലേയ്ക്ക് എത്തിക്കൊണ്ടിരിക്കുന്നത്.
കൊച്ചി തമ്മനത്ത് കച്ചവടം ചെയ്യണമെന്നു തന്നെയാണ് ഹനാന്റെ ആഗ്രഹം. പുതിയ ഫ്ളാറ്റുകളും മറ്റ് റസിഡന്‍ഷ്യല്‍ ഏരിയയും ലക്ഷ്യമിട്ട് ഓണ്‍ലൈനില്‍ ഓര്‍ഡര്‍ പിടിച്ച് മീന്‍ എത്തിച്ചു നല്‍കുന്നതാണ് ആദ്യഘട്ടത്തില്‍ ലക്ഷ്യമിടുന്നത്.






