
കേംബ്രിഡ്ജ് അനലിറ്റിക്ക വിവാദത്തില്‍ ഫേസ്ബുക്കിന് അഞ്ച് ലക്ഷം പൗണ്ട് പിഴ. വ്യക്തമായ അനുമതിയില്ലാതെ ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ആപ്പ് ഡെവലപ്പര്‍മാര്‍ക്ക് കൈമാറിയെന്നാണ് കണ്ടെത്തല്‍. ബ്രിട്ടനാണ് പിഴ വിധിച്ചത്. കേംബ്രിഡ്ജ് അനലിറ്റിക്ക എന്ന കമ്പനി ഫെയ്സ്ബുക്ക് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുകയും അത് അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ട്രംപിന് അനുകൂലമായ സാഹചര്യം സൃഷ്ടിക്കാന്‍ ശ്രമിച്ചെന്നുമായിരുന്നു റിപോർട്ടുകൾ.
ഗുരുതരമായ നിയമ ലംഘനമാണ് ഫേസ്ബുക്കിന്റെ ഭാഗത്ത് നിന്നുമുണ്ടായതെന്ന് ഇന്‍ഫൊര്‍മേഷന്‍ കമ്മീഷണറുടെ കാര്യാലയം (ഐസിഒ) പറഞ്ഞു. ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ 2007-2014 കാലഘട്ടത്തില്‍ അനധികൃതമായി കൈകാര്യം ചെയ്യുകയും ആ വിവരങ്ങള്‍ വ്യക്തമായ അനുമതിയില്ലാതെ ഉപയോഗിക്കാന്‍ ആപ്ലിക്കേഷന്‍ ഡെവലപ്പര്‍മാരെ അനുവദിച്ചുവെന്നും ആപ്പ് ഡൗണ്‍ലോഡ് ചെയ്തിട്ടില്ലാത്തവരുടെ വിവരങ്ങള്‍ പോലും അവര്‍ക്ക് ലഭ്യമാക്കിയെന്നും ഐസിഒ വ്യക്തമാക്കി.
ഉപഭോക്താക്കളുടെ സ്വകാര്യ സംരക്ഷിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് അടുത്തിടെ ഫേസ്ബുക്ക് വ്യക്തമാക്കിയിരുന്നു.ഫെയ്സ്ബുക്ക് വഴി മാത്രം ലോകമാകെ 8.70 കോടി പേരുടെ വ്യക്തിവിവരങ്ങളാണു 2014 ല്‍ നഷ്ടപ്പെട്ടതെന്നാണു കണക്കുകള്‍. ഇതിൽ ഏറ്റവുമധികം യുഎസിലാണ്.






