
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വരുമോ..ഇല്ലയോ എന്ന സംശയത്തിന് ഒടുവില്‍ വിരാമം. 2019 റിപ്പബ്ളിക് ദിന പരേഡില്‍ മുഖ്യാതിഥിയായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വരില്ലെന്ന് ഉറപ്പായി. ഇക്കാര്യത്തില്‍ വൈറ്റ്ഹൗസ് വാര്‍ത്താകുറിപ്പ് പുറത്തിറക്കി. ട്രംപ് ഇന്ത്യാ സന്ദര്‍ശനം നടത്തുമെന്നും 2019 ലെ റിപ്പബ്ളിക് ദിന പരിപാടിയില്‍ മുഖ്യാതിഥിയാകുമെന്നുമായിരുന്നു റിപ്പോര്‍ട്ട്.
നേരത്തേ തീരുമാനിച്ച പരിപാടികളുടെ തിരക്ക് മൂലമാണ് എത്താന്‍ കഴിയാത്തത് എന്നാണ് വാര്‍ത്താകുറിപ്പില്‍ വൈറ്റ്ഹൗസ് വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം നടത്തിയ വാഷിംഗ്ടണ്‍ സന്ദര്‍ശനത്തിനിടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ട്രംപിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു. ഇതിന് പിന്നാലെ ട്രംപിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചു കൊണ്ടുള്ള വിവരം കിട്ടിയെങ്കിലും ഇക്കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്നും വൈറ്റ്ഹൗസ് സെക്രട്ടറി സാറാ സാന്‍ഡേഴ്സ് ജൂലൈയിലും പറഞ്ഞിരുന്നു. എന്നാല്‍ റിപ്പബ്ളിക് ദിനാഘോഷത്തിന്റെ സമയത്ത് തന്നെ ട്രംപിന് സ്റ്റേറ്റ് ഓഫ് ദി യൂണിയനെ (എസ് ഒ ടി യു) അഭിസംബോധന ചെയ്യേണ്ട സാഹചര്യമുള്ളതിനാലാണ് വരുന്നില്ലെന്ന് ഉറപ്പാക്കിയിരിക്കുന്നത്.
സാധാണണഗതിയില് ജനുവരി അവസാനമോ ഫെബ്രുവരി ആദ്യമോ ആണ് എസ്ഒടിയു നടക്കാറുള്ളത്. അതേസമയം നവംബറില്‍ പ്രധാനമന്ത്രിയും അമേരിക്കന്‍ പ്രസിഡന്റും തമ്മില്‍ ഒരു കൂടിക്കാഴ്ച നടക്കുന്നുണ്ട്. നവംബര്‍ 30 നും ഡിസംബര്‍ 1 നുമായി അര്‍ജന്റീനയില്‍ നടക്കുന്ന ജി 20 ഉച്ചകോടിയില്‍ ഇരു നേതാക്കളും പങ്കെടുക്കുന്നുണ്ട്. റിപ്പബ്ളിക് ദിനത്തില്‍ എല്ലായ്പ്പോഴും ഒരു ലോകനേതാവിനെ ഇന്ത്യ പങ്കെടുപ്പിക്കാറുണ്ട്. 2015 ല്‍ മുന്‍ അമേരിക്കന്‍ പ്രസഡന്റ് ഒബാമയായിരുന്നു അതിഥി.
2016 ല്‍ ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് ഒലാന്ദേയും 2014 ല്‍ ജപ്പാന് പ്രധാനമന്ത്രി ഷിസോ അമേയും മുഖ്യാതിഥികളായി. നിക്കോളാസ് സര്‍കോസി, വ്ളാഡിമര്‍ പുടിന്, നെല്‍സണ്‍ മണ്ടേല, ജോണ്‍ മേയര്‍, മൊഹമ്മദ് ഖട്ടാമി, ജാക്വസ് ഷിറാക് എന്നിവരും പങ്കെടുത്തിട്ടുണ്ട്. 10 ആസിയാന്‍ രാജ്യങ്ങളിലെ നേതാക്കളാണ് ഈ വര്‍ഷം നടക്കുന്ന റിപ്പബ്ളിക് ദിന പരിപാടികളില്‍ പങ്കെടുക്കുന്നത്.






