റയല്‍മാഡ്രിഡ് കോച്ച് ലൊപ്പെറ്റെഗ്യുയിയെ പുറത്താക്കി ; പകരം സാന്റിയാഗോ സൊളാരിക്ക് താല്‍ക്കാലിക ചുമതല
റയല്‍മാഡ്രിഡ് കോച്ച് ലൊപ്പെറ്റെഗ്യുയിയെ പുറത്താക്കി ; പകരം സാന്റിയാഗോ സൊളാരിക്ക് താല്‍ക്കാലിക ചുമതല
Authored by Web Desk | Last updated: 30 Oct 2018, 12:13 PM | 1 min read
ഏറെ നിര്‍ണ്ണായകമായിരുന്ന എല്ക്ളാസ്സിക്കോയില് എതിരാളികളായ ബാഴ്സിലോണയില്‍ നിന്നും കനത്ത അപമാനം നേരിട്ട സാഹചര്യത്തില്‍ സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡ് പരിശീലകന് യുലന്‍ ലൊപെറ്റെഗ്യുയിയെ പുറത്താക്കി. ബി ടീം പരിശീലകന് സാന്റിയാഗോ സൊളാരിക്കാണ് താല്‍ക്കാലിക ചുമതല. ചെല്‍സി മുന്‍ പരിശീലകന് അന്റോണിയോ കോണ്ടേ, ബെല്‍ജിയം പരിശീലകന് റോബര്‍ട്ടോ മാര്‍ട്ടിനെസ് എന്നിവരെയാണ് പുതിയതായി പരിഗണിക്കുന്നത്. അന്താരാഷ്ട്ര മത്സരങ്ങളുടെ അടുത്ത ഇടവേള വരെയാകും സൊളാരിക്ക് ചുമതല നല്‍കുക.
ഈ സമയത്തിനുള്ളില്‍ സ്ഥിരമായ പരിശീലകനെ കണ്ടെത്താമെന്നാണ് കരുതുന്നത്. പുതിയ മാനേജരായി അന്റോണിയോ കോണ്ടേയേ കൊണ്ടു വരാനാണ് മാനേജ്മെന്റിന് താല്‍പ്പര്യം. കോണ്ടേയ്ക്കൊപ്പം ഈഡന് ഹസാഡിനേയും ടീമില്‍ എത്തിക്കാമെന്നതാണ് കാരണം. എന്നാല്‍ റയല്‍ കളിക്കാര്‍ക്ക് താല്‍പ്പര്യം ബെല്‍ജിയത്തിനെ ലോകകപ്പ് സെമി വരെ എത്തിച്ച മാര്ട്ടീനെസിനെയാണ്.
ആരു വന്നാലും റയലിന്റെ അഞ്ചു വര്‍ഷത്തിനിടെ അഞ്ചാമത്തെ കോച്ചായി മാറും. ഇറ്റലിയിലും ഇംഗ്ളണ്ടിലും ലീഗ് കിരീടം നേടിയ കോണ്ടേയ്ക്ക് കളിക്കാരുമായുള്ള പ്രശ്നം തന്നെയാണ് കാരണം. ബഹുമാനം നേടിയെടുക്കേണ്ടതാണ് ചുമത്തേണ്ടതല്ല എന്നതായിരുന്നു കോണ്ടേയുടെ കാര്യത്തില്‍ നായകന് റാമോസ് പറഞ്ഞത്. ഇംഗ്ളണ്ടില്‍ സ്പാനിഷ് താരം ഡിയാഗോ കോസ്റ്റയും ഈഡന് ഹസാഡുമായുള്ള പ്രശ്നങ്ങള്‍ പരസ്യമായതാണ്. അതേസമയം റയലിന്റെ പരിശീലകനായി ആറു മാസം പോലും പൂര്‍ത്തിയാക്കാത്ത ലെപ്പെറ്റോഗ്യുയിക്ക് ദുരിതകാലമാണ്.
സ്പാനിഷ് ടീമിന്റെ പരിശീലകനായി വിജയങ്ങളില്‍ നിന്നും വിജയങ്ങളിലേക്ക് കുതിക്കുമ്പോഴായിരുന്നു കഴിഞ്ഞ ജൂണില്‍ ലെപ്പെറ്റെഗ്യുയി റയലിന്റെ പരിശീലകനായി സ്ഥാനമേല്‍ക്കുന്നത്. ഇതിന് തൊട്ടു പിന്നാലെ സ്പെയിന് ദേശീയ പരിശീകന് എന്ന സ്ഥാനത്തു നിന്നും നീക്കുകയും ചെയ്തു. എന്നാല്‍ ലാലിഗയില്‍ വെറും 14 കളി കഴിഞ്ഞപ്പോള്‍ ആറ് മത്സരങ്ങളില്‍ മാത്രമാണ് ടീം ജയിച്ചത്. ഞായറാഴ്ച ക്യാമ്പ് ന്യൂവിലെ മത്സരത്തില്‍ ബാഴ്സിലോണയോട് 5-1 ന് തോറ്റതോടെ ടീം ഒമ്പതാം സ്ഥാനത്തേക്ക് കൂപ്പു കുത്തുകയും ചെയ്തു.