
ബെല്‍ഫാസ്‌റ്റ്: അടുത്ത വര്‍ഷം നടക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിന് നേരിട്ട് യോഗ്യത നേടാനാകാതെ മുന്‍ ചാമ്പ്യന്‍ വെസ്‌റ്റിന്‍ഡീസ്. അയര്‍ലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ അഫ്‌ഗാനിസ്‌ഥാന്‍ ജയിച്ചതാണു '' വിന്‍ഡീസിനു'' പണിയായത്. ജയത്തോടെ അഫ്‌ഗാനിസ്‌ഥാന്‍ ലോകകപ്പ് യോഗ്യത ഉറപ്പിച്ചു. തുടര്‍ച്ചയായ മൂന്നാം തവണയാണ് വിന്‍ഡീസിനു യോഗ്യതാ മത്സരം കളിച്ച് ലോകകപ്പിനു വരേണ്ടി വരുന്നത്. 2019 ല്‍ യോഗ്യതാ റൗണ്ട് കടന്ന വിന്‍ഡീസിന് 2023 ല്‍ മുന്നേറാനായില്ല. ഏകദിന ലോകകപ്പില്‍ ആതിഥേയരെ കൂടാതെ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ ഈ സെപ്‌റ്റംബര്‍ 30 ലെ ഏകദിന റാങ്കിങ് അനുസരിച്ചുള്ള ആദ്യ എട്ടു ടീമുകള്‍ ലോകകപ്പില്‍ നേരിട്ട് കടക്കും.
ദക്ഷിണാഫ്രിക്കയും സിംബാബ്‌വേയുമാണ് ആതിഥേയര്‍. നിലവിലെ റാങ്കിങ് അനുസരിച്ച് ഇന്ത്യ, ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയ, പാകിസ്‌താന്‍, ശ്രീലങ്ക, ഇംഗ്ലണ്ട്, അഫ്‌ഗാനിസ്‌ഥാന്‍, ബംഗ്ലദേശ് എന്നിവര്‍ നേരിട്ടു യോഗ്യത നേടും. നാലാം സ്‌ഥാനത്തുള്ള ദക്ഷിണാഫ്രിക്കയും 11-ാം സ്‌ഥാനത്തുള്ള സിംബാബ്‌വേയും ആതിഥേയരായതോടെയാണ് ഒന്‍പതാം സ്‌ഥാനത്തുള്ള ബംഗ്ലാദേശിന് നേരിട്ട് യോഗ്യത ലഭിച്ചത്. വിന്‍ഡീസ് നിലവില്‍ പത്താം സ്‌ഥാനത്താണ്. അവര്‍ക്ക് സെപ്‌റ്റംബര്‍ 30 ന് മുന്‍പ് ഇന്ത്യക്കെതിരേ രണ്ടു മത്സരങ്ങള്‍ ശേഷിക്കുന്നുണ്ട്. ഇന്ത്യക്കെതിരേ തുടരന്‍ ജയങ്ങള്‍ നേടിയാലും റാങ്കിങ്ങില്‍ മുന്നേറാനാകില്ല. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ പത്ത് ടീമുകളാണ്. അതില്‍നിന്നു നാലു ടീമുകള്‍ ലോകകപ്പിനെത്തും. ഏകദിന റാങ്കിങ്ങളില്‍ യഥാക്രമം പത്തും പന്ത്രണ്ടും സ്‌ഥാനങ്ങളിലുള്ള വിന്‍ഡീസും അയര്‍ലന്‍ഡും ലോകകപ്പ് യോഗ്യതാ റൗണ്ടിലേക്ക് നേരിട്ടെത്തും. ക്രിക്കറ്റ് വേള്‍ഡ് കപ്പ് ലീഗ് 2 വില്‍ നിന്നുള്ള ആദ്യ നാല് ടീമുകളും ക്വാളിഫയര്‍ പ്ലേ ഓഫിലെ നാല് ടീമുകളും ഒപ്പം ചേരും. ക്രിക്കറ്റ് വേള്‍ഡ് കപ്പ് ലീഗ് 2 വിലെ അവസാന നാല് ടീമുകളും ചാലഞ്ച് ലീഗില്‍ നിന്നുള്ള നാല് ടീമുകളുമാകും ക്വാളിഫയര്‍ പ്ലേ ഓഫില്‍ കളിക്കുക.
ആദ്യ നാല് സ്‌ഥാനങ്ങളിലെത്തുന്നവര്‍ ലോകകപ്പ് ക്വാളിഫയറിലേക്ക് എത്തും. ക്വാളിഫയറിലെ ജേതാവ് ലോകകപ്പിന്റെ രണ്ടാം റൗണ്ടിലേക്കു നേരിട്ടു കടക്കും. രണ്ട്, മൂന്ന്, നാല് സ്‌ഥാനങ്ങളിലെത്തുന്നവര്‍ സൂപ്പര്‍ സീരിസ് എന്നു വിളിക്കുന്ന ഒന്നാം റൗണ്ട് കളിക്കണം. ജേതാക്കള്‍ രണ്ടാം റൗണ്ടില്‍ കളിക്കും. ക്വാളിഫയര്‍ പ്ലേ ഓഫില്‍ ക്രിക്കറ്റ് വേള്‍ഡ് കപ്പ് ലീഗ് 2 വിലെ അവസാന നാല് സ്‌ഥാനക്കാരും ചലഞ്ച് ലീഗിലെ നാല് ടീമുകളും തമ്മിലാണു കളിക്കുക. ഈ ഫോര്‍മാറ്റിന് അന്തിമ രൂപമായിട്ടില്ല. എട്ട് ടീമുകളുടെ പ്ലേ ഓഫില്‍നിന്ന് ആദ്യ നാലു പേര്‍ യോഗ്യത നേടും. ചലഞ്ച് ലീഗില്‍ 12 ടീമുകളാണ്. ആറ് ടീമുകള്‍ വീതമുള്ള രണ്ട് പൂളുകളായാണു മത്സരം. മൂന്ന് റൗണ്ട് റോബിന്‍ മാതൃകയിലുള്ള ടൂര്‍ണമെന്റാണിത്. പൂളിലെ ആദ്യ രണ്ട് സ്‌ഥാനക്കാരാണു പ്ലേ ഓഫിലേക്കെത്തുക.






Comments