
റൊസാരിയോ: പിതാവിന്റെ നിര്യാണത്തിനു പിന്നാലെ ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസി കളിക്കളത്തില്‍നിന്നു വിട്ടു നില്‍ക്കും.
സ്‌പാനിഷ് മാധ്യമങ്ങളാണു മെസിയുടെ നിലപാട് പുറത്തുവിട്ടത്. പിതാവ് ഹോര്‍ഹെ മെസിയുടെ ശവ സംസ്‌കാരത്തിനു ശേഷവും സൂപ്പര്‍ താരം ജന്മനാടായ അര്‍ജന്റീനയിലെ റൊസാരിയോയില്‍ തുടരുകയാണ്.
എല്‍ പ്രാഡോ സെമിത്തേരിയിലായിരുന്നു ഹോര്‍ഹെയുടെ സംസ്‌കാര ചടങ്ങ്. കുടുംബാംഗങ്ങള്‍ മാത്രമാണു പങ്കെടുത്തത്. പൂര്‍ണ സ്വകാര്യത ഉറപ്പുവരുത്തിയായിരുന്നു സംസ്‌കാരം. മേജര്‍ സോക്കര്‍ ലീഗില്‍ ഇന്റര്‍ മയാമിയുടെ താരമാണു മെസി. തെക്കന്‍ ഫ്‌ളോറിഡയില്‍നിന്നു മെസിയും ഭാര്യ അന്റോണെല്ലയ്‌ക്കും മക്കള്‍ക്കുമൊപ്പം സ്വകാര്യ ജെറ്റില്‍ റൊസാരിയോയിലെത്തി. മോണ്ടെറിക്കെതിരായ ലീഗ് കപ്പ് മത്സരത്തിനു മുന്നോടിയായി പരിശീലനം നടത്തുന്നതിനിടെയാണു ഹോര്‍ഹെയുടെ അന്ത്യ വിവരമറിയുന്നത്.
കളിക്കളത്തില്‍നിന്നു വിട്ടു നില്‍ക്കാനുള്ള മെസിയുടെ തീരുമാനത്തിന് ഇന്റര്‍ മയാമി അധികൃതര്‍ പിന്തുണ നല്‍കി. മെസി എന്നു തിരിച്ചെത്തുമെന്നു വ്യക്‌തമാക്കിയിട്ടില്ലെന്നാണു ഇന്റര്‍ മയാമി നല്‍കുന്ന സൂചന. ഇന്ത്യന്‍ സമയം ശനിയാഴ്‌ച പുലര്‍ച്ചെയാണ് ഹോര്‍ഹെ അന്തരിച്ചത്. ദീര്‍ഘകാലമായി റൊസാരിയോയിലെ സനാറ്റോറിയോ സെന്‍ട്രോ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മെസിയുടെ കരിയര്‍ വളര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച അദ്ദേഹം മകന്റെ ഏജന്റായും പ്രവര്‍ത്തിച്ചു. 68 വയസുകാരനായ ഹോര്‍ഗെ മെസിയുടെ കരിയറിലെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും നിഴലായി കൂടെയുണ്ടായിരുന്നു. ലോകകപ്പിലെ അള്‍ജീരിയയ്‌ക്കെതിരായ മത്സരത്തില്‍ മെസി പിതാവിനെയോര്‍ത്ത് കരഞ്ഞിരുന്നു.






Comments